
എൻ.സി.പി അജിത് പവാർ പക്ഷത്ത് ചേരാൻ കേരളത്തിലെ രണ്ട് ഇടതുമുന്നണി എം.എൽ.എ മാർക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന ആരോപണത്തിന് പിന്നാലെ എൻ.സി.പി യിലെ തോമസ് കെ. തോമസിന്റെ മന്ത്രിസഭാ പ്രവേശനം തുലാസിലായി. മന്ത്രിസഭാ പ്രവേശനം അടഞ്ഞ തോമസ് കെ. തോമസിന്റെ നേതൃത്വത്തിൽ എൻ.സി.പി യിലെ ഒരു വിഭാഗം പാർട്ടി പിളർത്തി യു.ഡി.എഫിലേക്ക് ചേക്കേറാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോയുടെ പിന്തുണയുള്ള വിഭാഗമാണ് മുന്നണി മാറ്റത്തിന് കോപ്പ് കൂട്ടുന്നതായി അണിയറ സംസാരം നടക്കുന്നത്. മന്ത്രി എ.കെ ശശീന്ദ്രനെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം കോഴവിവാദത്തിൽ ആരോപണ നിഴലിലുള്ള തോമസ് കെ. തോമസിനെ ഇനിയും ഒപ്പം കൂട്ടി മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ്. മന്ത്രിമാറ്റ നീക്കത്തിനു പിന്നാലെ കോഴവിവാദം കൂടി ഉടലെടുത്തതോടെ പാർട്ടിയിലെ ആദ്യകാല സോഷ്യലിസ്റ്റുകൾ ബദൽ നീക്കം ശക്തിപ്പെടുത്താനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി അന്തരിച്ച മുൻ നേതാവ് എ.സി ഷണ്മുഖദാസിന്റെ പേരിൽ പുതിയൊരു ബാനർ രൂപീകരിച്ചു കഴിഞ്ഞു. ഷണ്മുഖദാസ് ഫൗണ്ടേഷൻ എന്ന പേരിൽ കോഴിക്കോട് എലത്തൂരിൽ രൂപീകരിച്ച ഷണ്മുഖദാസ് പഠന കേന്ദ്രം ഒക്ടോബർ 31 ന് മന്ത്രി എ.കെ ശശീന്ദ്രനാണ് ഉദ്ഘാടനം ചെയ്യുന്നത്. പാർട്ടിയിൽ ശക്തമായ രണ്ട് ചേരികൾ രൂപപ്പെട്ടതിന്റെ ഭാഗമായാണ് പഴയകാല നേതാക്കൾ ഒത്തുകൂടുന്നതെന്നാണ് സൂചന. 1999 ൽ ശരദ്പവാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച എൻ.സി.പി യിൽ അന്നുമുതലേ അടിയുറച്ച് നിൽക്കുന്നവർ പാർട്ടി കേരളഘടകത്തിന്റെ ഇപ്പോഴത്തെ പ്രവർത്തനത്തിൽ അസംതൃപ്തരാണ്. അടുത്തിടെ കോൺഗ്രസ് വിട്ട് എൻ.സി.പിയിലെത്തി വൈകാതെതന്നെ സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തിയ പി.സി ചാക്കോയുടെ പ്രവർത്തന രീതിയിൽ ഒട്ടും തൃപ്തരല്ല, പഴയകാല എൻ.സി.പി നേതാക്കളും അണികളും. എതിരഭിപ്രായം പറയുന്നവരെ നിശബ്ദരാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദിനെ പദവിയിൽ നിന്ന് മാറ്റിയതാണ് ഒടുവിലത്തെ സംഭവം. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ രാജൻ മാസ്റ്റർ. ജനറൽ സെക്രട്ടറിയും മുൻ പി.എസ്.സി അംഗവുമായ എ.വി വല്ലഭൻ, സംസ്ഥാന സെക്രട്ടറി രഘു കെ.മാരാത്ത് എന്നിവരെ സസ്പെൻഡ് ചെയ്തത്. ഇവരുടെ നേതൃത്വത്തിൽ തൃശൂരിൽ ചേർന്ന യോഗം പാർട്ടിവിരുദ്ധമെന്നാരോപിച്ചാണ് സംസ്ഥാന അദ്ധ്യക്ഷൻ നടപടി സ്വീകരിച്ചത്. എം.എൽ.എ മാരെ ചാക്കിലാക്കാൻ കോഴ വാഗ്ദാനം ചെയ്ത സംഭവത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞതിനാണത്രെ സാദത്ത് ഹമീദിനെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. ചുരുക്കത്തിൽ പാർട്ടിയെ പൂർണമായും കൈപ്പിടിയിലാക്കിയ ചാക്കോ വിഭാഗത്തിന്റെ നടപടി ഭയന്ന് കഴിയുകയാണ് ശശീന്ദ്രനെ അനുകൂലിക്കുന്ന പഴയ സോഷ്യലിസ്റ്റ് വിഭാഗം. ഇതിന്റെ തുടർച്ചയായാണ് എ.സി ഷണ്മുഖദാസ് ഫൗണ്ടേഷന്റെയും പഠനകേന്ദ്രത്തിന്റെയും രൂപീകരണം.
ആന്റണി രാജുവും
കോവൂർ കുഞ്ഞുമോനും
എൻ.സി.പിയിലെ അജിത് പവാർ പക്ഷത്ത് ചേരാൻ എം.എൽ.എ മാരായ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർ.എസ്.പി ലെനിനിസ്റ്റ്) എന്നിവർക്ക് തോമസ് കെ.തോമസ് എം.എൽ.എ 50 കോടി രൂപ വീതം നൽകാമെന്ന് നിയമസഭാ ലോഞ്ചിൽ വച്ചാണത്രെ വാഗ്ദാനം നൽകിയത്. എന്നാൽ ആന്റണി രാജു ഇത് ശരിവച്ചപ്പോൾ കോവൂർ കുഞ്ഞുമോനും തോമസ്.കെ തോമസും ആരോപണം കൈയ്യോടെ നിഷേധിക്കുകയായിരുന്നു. തന്റെ മന്ത്രിസഭാ നീക്കത്തിന് തടയിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് ആരോപണമെന്നാണ് തോമസ് കെ.തോമസിന്റെ നിലപാട്. കോഴ ആരോപണം സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നും തന്റെയും ആന്റണി രാജുവിന്റെയും ഫോണുകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒന്നരവർഷം മാത്രം ശേഷിക്കെ താരതമ്യേന ശക്തിയില്ലാത്ത രണ്ട് പാർട്ടി എം.എൽ.എ മാർക്ക് 50 കോടി വീതം നൽകി കൂടെക്കൂട്ടിയാൽ തനിക്ക് മന്ത്രിസ്ഥാനം കിട്ടുമോ എന്നാണ് തോമസ് കെ.തോമസും എൻ.സി.പിയിലെ ഒരു വിഭാഗവും ചോദിക്കുന്നത്. തോമസ് കെ. തോമസടക്കം മൂന്ന് എം.എൽ.എ മാർ കൂറുമാറിയാലും മന്ത്രിസഭയ്ക്ക് ഒന്നും സംഭവിക്കാനില്ല. എന്നാൽ എൻ.സി.പിയിലെ എതിർ വിഭാഗം ഇതിനെ ഖണ്ഡിക്കുകയാണ്. ഇപ്പോൾ ദേശീയതലത്തിൽ എൻ.ഡി.എ മുന്നണിയിലുള്ള അജിത് പവാർ വിഭാഗത്തിനൊപ്പം മൂന്ന് എം.എൽ.എ മാരെ ചേർത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ എൻ.ഡി.എ മുന്നണിയുടെ സാദ്ധ്യതകളെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് അവർ പറയുന്നത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലേറാനുള്ള സാദ്ധ്യത മുന്നിൽകണ്ട് യു.ഡി.എഫിലേക്ക് ചേക്കേറാനുള്ള ചാക്കോയും കൂട്ടരുടെയും കരുനീക്കമായും വിശേഷിപ്പിക്കുന്നുണ്ട്. തോമസ് കെ. തോമസിന്റെ മന്ത്രിസഭാ പ്രവേശനം അടഞ്ഞ അദ്ധ്യായം പോലെയായിട്ടുണ്ട്. ദേശീയ പ്രസിഡന്റ് ശരദ്പവാർ തന്റെ മന്ത്രിസഭാ പ്രവേശനത്തിന് പച്ചക്കൊടി കാട്ടിയെന്ന് തോമസ്.കെ തോമസ് പറഞ്ഞിരുന്നെങ്കിലും ഇതുസംബന്ധിച്ച് പവാറിൽ നിന്ന് അറിയിപ്പൊന്നും മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചതുമില്ല. ശശീന്ദ്രനെ മാറ്റിയാൽ പകരം മന്ത്രി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി സൂചന നൽകിയതും ഇക്കാരണത്താലാകാം. ഏതായാലും കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത കോഴവിവാദം ഇപ്പോൾ ഉയർത്തിയതിനു പിന്നിൽ മറ്റു ചിലരുടെ കൂർമ്മബുദ്ധിയും ഉണ്ടെന്നാണ് പറയപ്പെടുന്നത്. കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേരളത്തിലിപ്പോൾ ചൂടുപിടിച്ച ചർച്ചയാണ് നടക്കുന്നത്. മൂന്നിടത്തെ ഉപതിരഞ്ഞെടുപ്പ് ഫലത്തെ ഇത് കാര്യമായി സ്വാധീനിക്കുമെന്നതിനാൽ അതിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രമായും കോഴവിവാദത്തെ വിലയിരുത്തുന്നവരുണ്ട്.
എന്നിട്ടും കോവൂർ
കുഞ്ഞുമോൻ....
പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയ കഴിഞ്ഞ നവംബറിൽ മന്ത്രിസഭാ പുന:സംഘടനയുണ്ടാകുമെന്നുറപ്പായപ്പോൾ മന്ത്രിസ്ഥാന മോഹികളായി രംഗത്തെത്തിയവരിൽ ഒരാളാണ് കോവൂർ കുഞ്ഞുമോൻ. ഏകാംഗ പാർട്ടിയിൽപ്പെട്ടവരായ കുഞ്ഞുമോനെ കൂടാതെ എൽ.ജെ.ഡി അംഗമായ (ഇപ്പോൾ ആർ.ജെ.ഡി) കെ.പി മോഹനനും അക്കൂട്ടത്തിലുണ്ടായിരുന്നു. എൻ.സി.പിയിലെ രണ്ടാമത്തെ അംഗമായ തോമസ് കെ. തോമസ്, എ.കെ ശശീന്ദ്രനെ മാറ്റി തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി പിന്നീടാണ് രംഗത്തെത്തിയത്. ഈ നീക്കത്തെ ആദ്യം പിന്തുണയ്ക്കാതിരുന്ന പി.സി ചാക്കോ പെട്ടെന്ന് കരണം മറിഞ്ഞ് ശശീന്ദ്രനെതിരെ തിരിഞ്ഞതിന്റെ കാര്യകാരണങ്ങൾ ഇപ്പോഴും ശശീന്ദ്രൻ വിഭാഗം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ജനതാദൾ (സെക്യുലർ) അംഗമായ മന്ത്രി കെ.കൃഷ്ണൻകുട്ടിയെ മാറ്റി തനിയ്ക്ക് അടുത്ത ടേം മന്ത്രിയായാൽ കൊള്ളാമെന്ന് മാത്യു ടി. തോമസിനും ആഗ്രഹമുണ്ടായിരുന്നു.
കൊല്ലം ജില്ലയിലെ കുന്നത്തൂർ സംവരണ മണ്ഡലത്തെ 2001 മുതൽ തുടർച്ചയായി പ്രതിനിധീകരിക്കുന്ന കോവൂർ കുഞ്ഞുമോന്റെ ആവശ്യം ഇതിൽ നിന്നൊക്കെ വ്യത്യസ്ഥമായി ന്യായമുള്ളതായിരുന്നു. മന്ത്രിസ്ഥാനം പോയിട്ട് ഉയർന്ന ഒരു സ്ഥാനത്തേക്കും അദ്ദേഹത്തെ ഇക്കാലത്തിനിടെ പരിഗണിക്കാത്തതിൽ കുഞ്ഞുമോനൊപ്പം കുന്നത്തൂർ നിവാസികൾക്കുമുണ്ട് കടുത്ത അമർഷം. രണ്ടാം പിണറായി സർക്കാർ മന്ത്രിസഭാ രൂപീകരണ വേളയിലും കുഞ്ഞുമോന്റെ പേര് പൊന്തിവന്നപ്പോൾ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കെങ്കിലും പരിഗണിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. കെ.ബി ഗണേശ്കുമാറും കുഞ്ഞുമോനെപ്പോലെ 2001 മുതൽ പത്തനാപുരത്ത് നിന്ന് തുടർച്ചയായി ജയിച്ചു വരുന്നയാളാണ്. കുഞ്ഞുമോന്റെ പാർട്ടിയിലുള്ളവരുടെ അംഗസംഖ്യയെക്കാൾ കൂടുതലൊന്നും ഗണേശിന്റെ പാർട്ടിക്കും അവകാശപ്പെടാനില്ല. എന്നാൽ എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം കൂടിയായ ഗണേശിനെ പിന്തുണയ്ക്കാൻ എൻ.എസ്.എസ് പോലൊരു വലിയ സാമുദായിക പ്രസ്ഥാനമുണ്ട്. കുഞ്ഞുമോനാകട്ടെ ഏതെങ്കിലും സമുദായത്തിന്റെ ശക്തമായ പിന്തുണയില്ലെന്നതും പ്രതികൂല ഘടകമായി. കൊല്ലത്തെ 11 നിയമസഭാ മണ്ഡലങ്ങളിൽ പത്തിൽ നിന്നും കഴിഞ്ഞകാലങ്ങളിൽ ജയിച്ചവരൊക്കെ മന്ത്രിയായിട്ടുണ്ടെങ്കിലും സംവരണ മണ്ഡലമായ കുന്നത്തൂരിന് മാത്രം ആ ഭാഗ്യം ഇതുവരെ കൈവന്നിട്ടില്ല. 2001 മുതൽ ഇടതുമുന്നണിയ്ക്കൊപ്പം പാറപോലെ ഉറച്ചു നിന്ന കോവൂർ കുഞ്ഞുമോന്റെ മന്ത്രിമോഹം മുതലാക്കാനാകും 50 കോടിയുടെ വാഗ്ദാനം നൽകിയതെന്ന് വേണം കരുതാൻ. എന്നാൽ കുഞ്ഞുമോൻ ആ ചൂണ്ടയിൽ കൊത്താതിരുന്നത് മറ്റൊന്നും കൊണ്ടല്ല, പിന്നെ കുന്നത്തൂരിൽ മത്സരിച്ചാൽ പച്ചതൊടില്ലെന്നതു തന്നെ. എന്നാൽ കുഞ്ഞുമോന് ഇനി എൽ.ഡി.എഫിൽ ഇടം ലഭിക്കുമോ എന്ന ചോദ്യവും ഉയരുന്നു.