
ബാലൺ ഡി യോർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റൊഡ്രിക്ക്
ലാമിൻ യമാൽ മികച്ച യുവതാരം, വനിതാ താരമായി വീണ്ടും അയ്താന ബോൺമതി
പാരീസ് : കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള ഫ്രാൻസ് ഫുട്ബാൾ മാഗസിന്റെ ബാലൺ ഡി യോർ പുരസ്കാരം സ്വന്തമാക്കി ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ റൊഡ്രി എന്ന റൊഡ്രിഗോ ഹെർണാണ്ടസ് കസാൻക്റ്റേ. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ നേടുമെന്ന് കരുതിയിരുന്ന പുരസ്കാരമാണ് റൊഡ്രിയിലേക്കെത്തിയത്. ഈ വർഷം നടന്ന യൂറോ കപ്പിൽ സ്പെയ്ൻ മുത്തമിട്ടപ്പോൾ പ്ളേയർ ഒഫ് ദ ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് റൊഡ്രിയാണ്. സ്പെയ്നിന്റെ യുവേഫ നേഷൻസ് ലീഗ് കിരീടനേട്ടത്തിലും മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ളീഷ് പ്രിമിയർ ലീഗ്, ക്ളബ് ലോകകപ്പ് , യുവേഫ സൂപ്പർ കപ്പ് കിരീടനേട്ടങ്ങളിലും മുഖ്യ പങ്കുവഹിച്ചു. സ്പാനിഷ് ക്ളബ് ബാഴ്സലോണയുടെ സെൻട്രൽ മിഡ്ഫീൽഡറായ സ്പാനിഷ് താരം അയ്താന ബോൺമതി മികച്ച വനിതാ താരത്തിനുള്ള ബാലൺ ഡി യോർ സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് അയ്താന ഈ പുരസ്കാരത്തിന് അർഹയാകുന്നത്. മികച്ച യുവതാരത്തിനുള്ള റെയ്മണ്ട് കോപ്പ ട്രോഫി നേടിയത് ബാഴ്സലോണയുടെ സ്പാനിഷ് വിംഗർ ലാമിൻ യമാലാണ്. ഈ പുരസ്കാരം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡും 17കാരനായ യമാൽ സ്വന്തമാക്കി.
മികച്ച ക്ലബ്ബായി പുരുഷ റയൽ മാഡ്രിഡ് തിരഞ്ഞെടുക്കപ്പെട്ടു. റയലിന്റെ കാർലോ ആഞ്ചലോട്ടിയ്ക്കാണ് മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം.മികച്ച വനിതാ ക്ളബിനുള്ള പുരസ്കാരം ബാഴ്സലോണയ്ക്കാണ്. മികച്ച വനിതാ കോച്ചായി അമേരിക്കൻ ദേശീയ ടീമിന്റെ എമ്മ ഹെയ്സ് തിരഞ്ഞെടുക്കപ്പെട്ടു. അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ് മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻപുരസ്‌കാരം നേടി. സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവർക്കുള്ള ഗെർഡ് മുള്ളർ പുരസ്‌കാരം ഹാരി കേയ്‌നും കിലിയൻ എംബാപ്പെയും പങ്കുവെച്ചു.
2023 ഓഗസ്റ്റ് ഒന്ന് മുതൽ 2024 ജൂലായ് 31 വരെയുള്ള കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഫ്രഞ്ച് മാസികയായ ഫ്രാൻസ് ഫുട്ബാളാണ് ബാലൺ ഡി യോർ പുരസ്‌കാരങ്ങൾ നൽകുന്നത്.
റയലിൽ നിന്നാരും വന്നില്ല
പാരീസിൽ നടന്ന പുരസ്കാരദാനച്ചടങ്ങിൽ റയൽ മാഡ്രിഡ് പ്രതിനിധികളാരും പങ്കെടുത്തില്ല. മികച്ച പുരുഷ ക്ളബായി റയലും കോച്ചായി റയലിന്റെ കാർലോ ആഞ്ചലോട്ടിയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നേരത്തേ റയലിന്റെ വിനീഷ്യസ് മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ വിനീഷ്യസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 24-കാരനായ വിനീഷ്യസ് കഴിഞ്ഞ സീസണിൽ 24 ഗോളുകളും 11 അസിസ്റ്റും റയലിനായി നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയലിനായി സ്‌കോർ ചെയ്തു. റയലിന്റെതന്നെ ഇംഗ്ളീഷ് താരം ജൂഡ് ബെല്ലിംഗ്ഹാമാണ് മൂന്നാം സ്ഥാനത്തെത്തിയത്. കളിക്കളത്തിലും പുറത്തുമുള്ള വർണവിവേചനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനാലാണ് വിനീഷ്യസിനെ പുരസ്കാരത്തിൽ നിന്ന് ഒഴിവാക്കിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
ഇതിഹാസതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും ആദ്യമായി ബാലൺ ഡി യോറിനുള്ള 30 അംഗ ചുരുക്കപ്പട്ടികയിൽ പോലും ഇത്തവണ എത്തിയിരുന്നില്ല.