
ബംഗളൂരു: ഐപിഎൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിലെ സഹ കളിക്കാരാണ് വിരാട് കൊഹ്‌ലിയും ഓസ്‌ട്രേലിയൻ ഓൾറൗണ്ടറായ ഗ്ളെൻ മാക്‌സ്‌വെല്ലും. ഓസ്‌ട്രേലിയ വരുന്ന ട്വന്റി 20 പരമ്പരയിൽ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്ന സൂപ്പർതാരമാണ് മാക്‌സ്‌വെൽ. ഐപിഎല്ലിൽ ഒരു ടീമിന് വേണ്ടി കളിക്കുന്നതിന് മുൻപ് ഇന്ത്യ-ഓസ്‌ട്രേലിയ മത്സരങ്ങളിൽ എതിർ ചേരികളിൽ പോരടിച്ചിട്ടുള്ളവരുമാണ് കൊഹ്‌ലിയും മാക്‌സ്‌വെല്ലും.
അത്തരത്തിൽ ഒരു സംഭവവും തുടർന്ന് കൊഹ്‌ലി തന്നെ ഇൻസ്‌റ്റഗ്രാമിൽ ബ്ളോക്ക് ചെയ്‌തതും ഓർമ്മിക്കുകയാണ് തന്റെ അടുത്തിടെ പുറത്തിറങ്ങിയ 'ദി ഷോമാൻ' എന്ന പുസ്‌തകത്തിലൂടെ മാക്‌സി. പഞ്ചാബ് കിംഗ്‌സിൽ നിന്നും മാക്‌സ്‌വെൽ ഒഴിവായ സമയത്ത് ഐപിഎല്ലിൽ ആർസിബിയിൽ ഓൾറൗണ്ടറായ താരത്തെ ഉൾപ്പെടുത്താൻ അന്ന് ക്യാപ്‌റ്റനായ കൊഹ്‌ലിയാണ് നിർദ്ദേശിച്ചതെന്ന് താരം പുസ്‌തകത്തിൽ പറയുന്നു. കൊഹ്‌ലി നൽകിയ പിന്തുണയ്‌ക്ക് മാക്‌സ്‌വെൽ നന്ദിയും പറയുന്നുണ്ട്.
2021ൽ ഐപിഎല്ലിൽ എത്തുന്നതിന് നാല് കൊല്ലം മുൻപ് 2017ൽ ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടന സമയത്ത് ഇരുടീമുകളിലെ അംഗങ്ങളും തമ്മിൽ പറ്റുന്ന അവസരങ്ങളിൽ പരസ്‌പരം കൊമ്പുകോർത്തിരുന്നു. പരമ്പരയിലെ മൂന്നാം ടെസ്‌റ്റിൽ റാഞ്ചിയിലെ കളിയ്‌ക്കിടയിൽ കൊഹ്‌ലിക്ക് വലതുതോളിന് പരിക്കേറ്റിരുന്നു. പിന്നീട് ഓസ്‌ട്രേലിയയുടെ ഫീൽഡിംഗ് സമയമായപ്പോൾ മാക്‌സ്‌വെൽ വലതുതോളിൽ കൊഹ്‌ലി പിടിച്ചതുപോലെ അമർത്തി ആംഗ്യത്തിലൂടെ കളിയാക്കി.
ഈ സംഭവം കൊഹ്‌ലിയെ പ്രകോപിപ്പിച്ചു. ഇൻസ്‌റ്റഗ്രാമിൽ മാക്‌സിയെ ബ്ളോക്ക് ചെയ്യാൻ കാരണമായി. പിന്നീട് ഐപിഎല്ലിൽ ഒരേടീമിലെത്തിയപ്പോൾ ഇൻസ്‌റ്റഗ്രാമിൽ എത്ര തെരഞ്ഞിട്ടും കൊഹ്‌ലിയെ കാണാതെ വന്നതോടെ വിവരം മാക്‌സ്‌വെൽ, കൊഹ്‌ലിയോട് ചോദിച്ചു. അപ്പോഴാണ് തന്നെ കളിയാക്കിയതിനാൽ മാക്‌സിയെ ബ്ളോക്ക് ചെയ്‌തതാണെന്ന് കൊഹ്‌ലി വെളിപ്പെടുത്തിയത്. പിന്നീട് കൊഹ്‌ലി അൺബ്ളോക്ക് ചെയ്യുകയും ഇരുവരും വലിയ സുഹൃത്തുക്കളും ആയി മാറിയെന്ന് മാക്‌സ്‌വെൽ പുസ്‌തകത്തിൽ പറയുന്നു.
2021 സീസണിൽ ആർസിബിയിലെത്തിയ മാക്‌സ്‌വെൽ ആ സീസണിൽ 500 റൺസിലധികം അടിച്ചുകൂട്ടി. 14.25 കോടി രൂപയ്‌ക്കാണ് ആർസിബി ആ സീസണിൽ മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയത്.