hair

ഒരാളുടെ സൗന്ദര്യം അയാളുടെ മുടിയിഴകളിലാണെന്ന് പറയുന്നവരാണ് കൂടുതൽപേരും. അതുകൊണ്ടുതന്നെ കരുത്തു​റ്റതും മിനുസമുളളതുമായ മുടിയിഴകൾക്കായി പലവിധത്തിലുളള പരീക്ഷണങ്ങളും നമ്മൾ നടത്താറുണ്ട്. ചിലർ പ്രകൃതിദത്തമായ മാർഗങ്ങൾ പിന്തുടരുമ്പോൾ മ​റ്റുളളവർ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കും.

എത്ര നന്നായി മുടിയുടെ ആരോഗ്യം നമ്മൾ കാത്തുസൂക്ഷിച്ചാലും അനുഭവപ്പെടുന്ന പ്രധാന പ്രശ്നമാണ് മുടിയിഴകളിലെ സുഗന്ധമില്ലായ്മ. അതിന് വിവിധ തരത്തിലുളള ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്. നിരന്തരമായി ഇത്തരത്തിലുളള ഉൽപ്പന്നങ്ങൾ പ്രയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ദോഷകരമാണ്. ഇനിമുതൽ യാതൊരു പാർശ്വഫലങ്ങളും കൂടാതെ മുടിയിഴകളുടെ സുഗന്ധം നിലനിർത്താം. എങ്ങനെയെന്ന് നോക്കാം.

1. ചെമ്പരത്തിയെണ്ണ ഉപയോഗിക്കാം
മുടിയുടെ വളർച്ചയ്ക്ക് അനുയോജ്യമായ ഒന്നാണിത്. വീട്ടിൽ തന്നെ നമുക്ക് ഈ എണ്ണ തയ്യാറാക്കാവുന്നതേയുളളൂ. കടകളിലും ലഭ്യമാണ്. ഈ എണ്ണ ഉപയോഗിക്കുന്നത് മുടിയുടെ വളർച്ചയോടൊപ്പം സുഗന്ധവും നിലനിർത്താൻ സഹായിക്കും. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ചെമ്പരത്തിയെണ്ണ മുടിയിൽ പുരട്ടുന്നത് നല്ലതാണ്.

കൂടാതെ ശുദ്ധമായ എണ്ണയിൽ പെപ്പർമിന്റ്, റോസ്‌മേരി പോലുളള സാധനങ്ങൾ ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്. എണ്ണമയമുളള മുടി ഇഷ്ടമില്ലാത്തവർക്ക് ഇത് മുടിയിഴകളിൽ പുരട്ടി അൽപം സമയം കഴിഞ്ഞ് ഷാമ്പൂവോ കണ്ടീഷണറോ ഉപയോഗിച്ച് കഴുകി കളഞ്ഞാൽ മതി.


2.മുടിയിഴകൾ വൃത്തിയായി സംരക്ഷിക്കാം

ദിവസവും യാത്ര ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ മുടിയിൽ കൂടുതൽ പൊടി പറ്റിപ്പിടിക്കാൻ സാദ്ധ്യതകളേറെയാണ്. അതിനാൽ ദിവസവും മുടി കഴുകുന്നത് നല്ലതാണ്. ഇതിനോടൊപ്പം ചെമ്പരത്തി താളി പോലുളള പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം. മുടിയിഴകളിൽ അലോവേര ജെല്ല് പുരട്ടുന്നത് സുഗന്ധം നിലനിർത്താൻ സഹായിക്കും. എന്നാൽ ട്രീറ്റ്മെന്റുകൾ നടത്തിയ മുടിയുളളവർ കൃത്യമായ ഇടവേളകളിൽ കഴുകിയാൽ മതി.

3. ആരോഗ്യകരമായ ഭക്ഷണക്രമം

ബലമുളള മുടിയിഴകൾക്കായി പോഷകഗുണമുളള ഭക്ഷണം കഴിക്കണമെന്ന് അറിയാത്തവരായി ആരുമില്ല. ആന്റിഓക്സിഡന്റുകളും ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുടിൽ താരൻ വരാനുളള സാദ്ധ്യത കുറയ്ക്കും. ഇതിലൂടെ മുടിഴകളുടെ സുഗന്ധം നിലനിർത്താം. നന്നായി വെളളം കുടിക്കാനും മറക്കരുത്. ബദാം, ചെറുപയർ. ബ്ലൂബറി, മാതളം, ഓറഞ്ച്‌ എന്നിവ കഴിക്കുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും സുഗന്ധത്തിനും നല്ലതാണ്.


4. റോസ്‌വാട്ടർ
ചർമ്മ സംരക്ഷണത്തിന് കൂടുതൽ ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് റോസ്‌‌ വാട്ടർ. മുടിയിഴകളുടെ സുഗന്ധം നിലനിർത്താൻ റോസ് വാട്ടർ ഉപയോഗിക്കാം. ഇതിനായി മുടി കഴുകുന്ന വെളളത്തിൽ നിശ്ചിത അളവിൽ റോസ് വാട്ടർ ചേർക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ദിവസങ്ങളോളം മുടിയിഴകളുടെ സുഗന്ധം നഷ്ടപ്പെടാതെയിരിക്കാൻ സഹായിക്കും.ആഴ്ചയിൽ ഒരു ദിവസം ഗ്രാമ്പു ഇട്ട് തിളപ്പിച്ച വെളളം ഉപയോഗിച്ച് മുടി കഴുകുന്നതും സുഗന്ധം നിലനിർത്താൻ സഹായിക്കും.