money

ഒരു മനുഷ്യൻ അവന്റെ നല്ല പ്രായത്തിൽ അദ്ധ്വാനിച്ച് നേടുന്ന പണമാണ് വിരമിക്കുമ്പോൾ ഒരുമിച്ച് ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം ഭാവിയിൽ സുരക്ഷിതമായി അൽപം കൂടി പലിശ ചേർത്ത് ലഭിക്കാൻ സഹായിക്കുന്ന പല പദ്ധതികൾ ഇന്ന് നിലവിലുണ്ട്. സ്ഥിരനിക്ഷേപം, ഓഹരി നിക്ഷേപം, പിപിഎഫ് തുടങ്ങി പലതും ഇത്തരത്തിലുള്ളതാണ്.

8.2 ശതമാനം പലിശനിരക്കിൽ സുരക്ഷിതമായ നിക്ഷേപത്തോടെ ഒരു പദ്ധതിയിൽ ചേരാൻ അവസരമൊരുക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീമിൽ അംഗമാകാൻ 60 വയസ് പിന്നിട്ട മുതിർന്നയാൾക്കോ അല്ലെങ്കിൽ 55 നും 60നുമിടയിൽ പ്രായമുള്ള സ്വയം വിരമിക്കൽ നേടിയവർക്കോ കഴിയും. അതുമല്ലെങ്കിൽ പ്രതിരോധ സേവനരംഗത്ത് നിന്ന് വിരമിച്ച 50 വയസ് പിന്നിട്ടവർക്കും ഈ പദ്ധതിയിൽ പണം നിക്ഷേപിക്കാം. ഒറ്റയ്‌ക്കോ ജീവിത പങ്കാളിക്കൊപ്പമോ അക്കൗണ്ട് തുടങ്ങാം.

ആയിരം രൂപ മുതൽ ആയിരത്തിന്റെ ഗുണിതങ്ങളായ തുകയാണ് നിക്ഷേപിക്കാവുന്നത്. പരമാവധി 30 ലക്ഷം രൂപ വരെ ഇത്തരത്തിൽ നിക്ഷേപിക്കാം. 8.2 ശതമാനം പലിശ എന്ന കണക്കിൽ 30 ലക്ഷം നിക്ഷേപിച്ചയാൾക്ക് വർഷം 2.46 ലക്ഷം പലിശയായി തന്നെ ലഭിക്കും. ഒരു മാസത്തെ കണക്ക് നോക്കിയാൽ 20,500 രൂപ.

ആദായ നികുതി ഇളവ് ലഭിക്കാനും മുതിർന്ന പൗരന്മാർക്ക് പദ്ധതിയിൽ ചേരുന്നതിലൂടെ സാധിക്കും. ഇൻകം‌ ടാക്‌സ് നിയമം 80 സി സെക്ഷനനുസരിച്ച് ഒന്നര ലക്ഷം രൂപവരെ നികുതിയിളവ് കിട്ടും. അക്കൗണ്ട് തുടങ്ങാൻ സ്വന്തം ബാങ്കിലോ അടുത്തുള്ള പോസ്റ്റ് ഓഫീസിലോ സമീപിച്ചാൽ മതി. അഞ്ച് വർഷമാണ് നിക്ഷേപ കാലാവധിയെങ്കിലും വേണമെങ്കിൽ മൂന്ന് വർഷം കൂടി നീട്ടാം. നിക്ഷേപകൻ താമസം മാറിയാൽ പുതുതായി താമസിക്കുന്നയിടത്തെ ബാങ്ക് ബ്രാഞ്ചിലേക്കോ പോസ്റ്റ് ഓഫീസ് ശാഖയിലേക്കോ എളുപ്പം അക്കൗണ്ട് മാറ്റാനും കഴിയും.

അക്കൗണ്ട് ആരംഭിച്ച് ഒരുവർഷം കൊണ്ടുതന്നെ പണം പിൻവലിക്കാം. എന്നാൽ ഒരുവർഷത്തിനകം അക്കൗണ്ട് ക്ളോസ് ചെയ്‌താൽ പലിശ കിട്ടില്ല. അക്കൗണ്ടിൽ അടച്ച പണം മാത്രമേ തിരികെ ലഭിക്കൂ.