caste

വലിയൊരു വിപത്തും മഹാപരാധവുമെന്ന മട്ടിൽ ജാതി സെൻസസിനെ നോക്കിക്കാണുന്ന സ്ഥിതിവിശേഷമാണ് നിലവിൽ കേന്ദ്ര,​ സംസ്ഥാന സർക്കാരുകൾക്ക്! ജനായത്തത്തിന്റെ അടിസ്ഥാന ഘടകമാണ് പ്രാതിനിദ്ധ്യം. സാമൂഹ്യ പ്രാതിനിദ്ധ്യമില്ലാത്ത ജനായത്തം അപകടമാണ്. വിവിധ സാമൂഹ്യ വിഭാഗങ്ങളുടെ പ്രാതിനിദ്ധ്യ കണക്കെടുപ്പ് യഥാസമയം നടത്തി ജനകോടികളുടെ അവകാശങ്ങളെ നിവർത്തിച്ചു നൽകേണ്ട ഉത്തരവാദിത്വം കൂടി ഭരണകൂടത്തിന്റേതാണ്.

എന്താണ്

ഉദ്ദേശ്യം?​

ഭരണഘടന ഉറപ്പു നൽകുന്ന ജനസംഖ്യാനുപാതിക പ്രതിനിദ്ധ്യം, സംവരണം, സാമൂഹികാവസ്ഥ, ജാതി തിരിച്ചുള്ള കണക്കുകൾ എന്നിവ ലഭിക്കാനും, ഒ.ബി.സി മുതൽ ദളിത്, ഗോത്ര അതിപിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനും,​ ഭരണത്തിന്റെ എല്ലാ മേഖലകളിലും തുല്യത ഉറപ്പു വരുത്തുന്നതിനും,​ തൊഴിൽ മേഖലയിൽ സംവരണം പ്രാവർത്തികമാക്കുന്നതിനും

ജാതി തിരിച്ചുള്ള കണക്കെടുപ്പ് അനിവാര്യമാണ്.

ദൗർഭാഗ്യകരമെന്നു പറയട്ടെ, സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്ത്യയിൽ അങ്ങനെയൊരു കണക്കെടുപ്പ് പുറത്തു വന്നിട്ടില്ല. കേന്ദ്ര സർക്കാർ നിയോഗിച്ച കാക്ക കലേക്കർ കമ്മിഷന്റെ പ്രധാന നിർദ്ദേശങ്ങളിലൊന്ന് 1961-ലെ സെൻസസിൽ ജാതി കൂടി ഉൾക്കൊള്ളിക്കണമെന്നായിരുന്നു. പക്ഷേ വിവിധ കോണുകളിൽ നിന്നുയർന്ന ശക്തമായ എതിർപ്പു കാരണം അതുണ്ടായില്ല. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും പ്രത്യേക പരിരക്ഷകളും അവകാശങ്ങളും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15(4), 16 (4) പ്രകാരം ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ- ഉദ്യോഗ മേഖലകളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രവേശനത്തിനും നിയമനത്തിനും സംവരണവും പ്രത്യേക പരിരക്ഷകളും വ്യവസ്ഥ ചെയ്തിരിക്കുന്നു.


ആർട്ടിക്കിൾ 340

പറയുന്നത്


നമ്മുടെ ഭരണഘടനയും ജാതി സെൻസസിന് അനുകൂലമാണ്. ആർട്ടിക്കിൾ ഇങ്ങനെ വിശദമാക്കുന്നു: 'ഇന്ത്യയിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരുടെ അവസ്ഥകളും അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അന്വേഷിക്കാനും ശുപാർശകൾ നൽകാനും ഉചിതമെന്നു തോന്നുന്ന വ്യക്തികൾ ഉൾപ്പെടുന്ന ഒരു കമ്മിഷനെ രാഷ്ട്രപതിക്ക് ഉത്തരവിലൂടെ നിയമിക്കാം." അത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനും അവരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും യൂണിയനോ ഏതെങ്കിലും സംസ്ഥാനമോ സ്വീകരിക്കേണ്ട നടപടികളിലേക്കാണ് ആർട്ടിക്കിൾ 340 വിരൽ ചൂണ്ടുന്നത്.

1881-ലാണ് സെൻസസ് കമ്മിഷണർ ഓഫ് ഇന്ത്യ ആയിരുന്ന ഡബ്ല്യു.സി. പ്ലോഡൻ, ഇന്ത്യയിൽ ആദ്യത്തെ ജാതി (സിൻക്രണസ്) സെൻസസ് നടത്തിയത്. അതിനുശേഷം, പത്തു വർഷത്തിലൊരിക്കൽ തുടർച്ചയായി സെൻസസ് നടത്തുന്നു. ഇന്ത്യൻ സെൻസസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഹെന്റ്‌റി വാൾട്ടർ ആണ്. ഒരു ഇന്ത്യൻ നഗരത്തിന്റെ ആദ്യ സമ്പൂർണ സെൻസസ് 1830- ൽ നടത്തിയത് ധാക്കയിലായിരുന്നു. 1872-ൽ ഗവർണർ ജനറൽ ലോർഡ് മയോയുടെ കാലത്താണ് ഇന്ത്യയിൽ ആദ്യമായി സമന്വയമില്ലാത്ത സെൻസസ് നടന്നത്.

1931 വരെ ബ്രിട്ടീഷ് സർക്കാർ ജാതി സെൻസസ് നടത്തി. സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യ സർക്കാർ നിലവിൽ വന്ന ശേഷം 1951-ലാണ് നെഹ്‌റു സർക്കാർ ആദ്യത്തെ സെൻസസ് നടത്തിയത്. അന്നു മുതൽ 2001 വരെ രാജ്യത്തു നടന്ന എല്ലാ സെൻസസുകളിലും ജാതി സെൻസസ് ഉൾപ്പെട്ടിരുന്നില്ല. 2011 സെൻസസിനൊപ്പം സാമൂഹിക, സാമ്പത്തിക, ജാതി കണക്കുകൾ കൂടി ശേഖരിക്കാൻ അന്നത്തെ കേന്ദ്ര സർക്കാർ നിർബന്ധിതമായെങ്കിലും അതിന്റെ റിപ്പോർട്ട് ഇനിയും വെളിച്ചം കണ്ടിട്ടില്ല.

രോഹിണി

കമ്മിഷൻ

ഭരണഘടനയുടെ ആർട്ടിക്കിൾ 340 പ്രകാരം 2017 ഒക്ടോബർ രണ്ടിന് രാഷ്ട്രപതിയാണ് രോഹിണി കമ്മിഷനെ നിയോഗിച്ചത്. വിവിധ ഒ.ബി.സി ജാതികൾ അല്ലെങ്കിൽ സമുദായങ്ങൾക്കിടയിൽ സംവരണ ആനുകൂല്യങ്ങളുടെ അസമത്വ വിതരണത്തിന്റെ അളവ് പരിശോധിക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം. കമ്മിഷൻ കണ്ടെത്തിയത് ചുവടെ പറയുന്ന കാര്യങ്ങളാണ്:

ജാതി ഗ്രൂപ്പുകളുടെ വർഗീകരണം: ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ജാതി ഗ്രൂപ്പുകളെ വിശാലമായ വിഭാഗങ്ങളായി വിഭജിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു. സംവരണത്തിന്റെ ഏറ്റവും വലിയ പങ്ക് ജാതി വിഭാഗങ്ങൾക്കാണ്.

 അസമമായ വിതരണം: ഏതാനും വർഷങ്ങളായി 1.3 ലക്ഷം കേന്ദ്ര ജോലികളും കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒ.ബി.സി പ്രവേശനവും കമ്മിഷൻ വിശകലനം ചെയ്തു, എല്ലാ ജോലികളിലും വിദ്യാഭ്യാസ സീറ്റുകളിലും 97 ശതമാനം,​ ഒ.ബി.സികളായി തരംതിരിക്കുന്ന 25 ശതമാനം ഉപജാതികളിൽ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തി.

 പ്രബല കമ്മ്യൂണിറ്റികൾ: അവസരങ്ങളുടെ ഒരു പ്രധാന ഭാഗം (95 ശതമാനം) പത്ത് ഒ.ബി.സി കമ്മ്യൂണിറ്റികൾക്കു മാത്രമാണ് ലഭിച്ചത്.

 പ്രാതിനിദ്ധ്യമില്ലാത്ത ഗ്രൂപ്പുകൾ: ഒ.ബി.സി കമ്മ്യൂണിറ്റികളിൽ ഏകദേശം 37 ശതമാനത്തിനും ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രാതിനിദ്ധ്യം പൂജ്യമായിരിക്കെ,​ 994 ഒ.ബി.സി ഉപജാതികൾക്ക് റിക്രൂട്ട്‌മെന്റിലും പ്രവേശനത്തിലും ആകെ 2.68 ശതമാനം മാത്രമാണ് പ്രാതിനിദ്ധ്യം! രൂപീകരിച്ച് ആറു വർഷത്തിനുശേഷം,​ 14 വിപുലീകരണങ്ങൾക്കു ശേഷം മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ഉപവിഭാഗങ്ങൾക്കായി ചുമതലപ്പെടുത്തിയ രോഹിണി കമ്മിഷൻ കഴിഞ്ഞ ജൂലായ് 31-ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചു.


കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതോടെ,​ നിലവിലുള്ള 27 ശതമാനം സംവരണം ഒ.ബി.സികളുടെ ഭാഗമായ വിവിധ വിഭാഗങ്ങൾക്കിടയിൽ വിഭജിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന തീരുമാനത്തിന്റെ പന്ത് ഇപ്പോൾ നരേന്ദ്രമോദി സർക്കാരിന്റെ കോർട്ടിലാണ്. ജനസംഖ്യയും പ്രത്യേക സമുദായങ്ങളുടെ കുറവും അനുസരിച്ച് ഒ.ബി.സി വിഭാഗങ്ങൾക്കിടയിൽ സംവരണ പൂളിന്റെ ഉപവിഭജനത്തിലേക്കു നയിക്കുമെന്ന പ്രതീക്ഷകൾക്കിടയിലാണ് മോദി സർക്കാർ 2017 ഒക്ടോബറിൽ കമ്മിഷൻ രൂപീകരിച്ചത്.

പ്രബലർക്കു

പ്രാമുഖ്യം


താരതമ്യേന മികച്ച സാമ്പത്തിക നിലവാരവും വിദ്യാഭ്യാസ നിലവാരവുമുള്ള ഒ.ബി.സി വിഭാഗങ്ങൾ,​ ഇതര പിന്നാക്ക സമുദായങ്ങളുടെയും സംവരണാനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതായി ഒ.ബി.സിയിലെ താരതമ്യേന പിന്നാക്ക സമുദായങ്ങൾക്കിടയിൽ പരാതിയുണ്ട്. ഉപഗ്രൂപ്പിംഗ്, ഘടക ഗ്രൂപ്പുകൾക്കിടയിൽ സംവരണ ആനുകൂല്യങ്ങളുടെ തുല്യമായ വിതരണത്തിലേക്ക് നയിക്കുമെന്ന് പലരും വിശ്വസിക്കുന്നു. ഒ.ബി.സി സംവരണ പൂൾ വിഭജിക്കാനുള്ള നീക്കം വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ബി.ജെ.പിയുടെ രാഷ്ട്രീയഭാവിയെ ബാധിക്കുകയും ചെയ്യും. ഇക്കാരണത്താൽ ബി.ജെ.പി സർക്കാർ ഈ വിഷയത്തിൽ കാലിടറി,​ തീരുമാനം നീണ്ടു പോവുകയാണ്.


ഒ.ബി.സി സെൻട്രൽ ലിസ്റ്റിൽ 2,600-ലധികം ഉപജാതികളുണ്ട്. സംവരണ ക്വാട്ടയുടെ നേട്ടം കൊയ്യുന്നത് വിരലിലെണ്ണാവുന്ന പ്രബല ജാതി വിഭാഗങ്ങൾ മാത്രമാണെന്ന ധാരണ വർഷങ്ങളായി കെട്ടിപ്പടുക്കപ്പെട്ടതാണ്. വാസ്തവത്തിൽ രോഹിണി കമ്മിഷന്റെ ഡാറ്റ വിശകലനം ഈ ധാരണ സാധൂകരിക്കുകയും ചെയ്തു. എല്ലാ തൊഴിൽ- വിദ്യാഭ്യാസ സീറ്റുകളുടെയും 97 ശതമാനം ഒ.ബി.സി ഉപജാതികളിലെ 25 ശതമാനത്തിനാണ്. 983 ഒ.ബി.സി സമുദായങ്ങൾക്ക് പൂജ്യം പ്രാധിനിദ്ധ്യമാണെന്നും കണ്ടെത്തി!

എന്നാൽ 2017 ജനുവരിയിൽ, ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും ഗ്രാമീണ മേഖലയിലെ സാമൂഹിക പദ്ധതികൾക്ക് ഫണ്ട് കൈമാറുന്നതിനുമുള്ള പ്രധാന ഉപകരണമായി ദാരിദ്ര്യരേഖയ്ക്കു പകരം സാമൂഹിക- സാമ്പത്തിക ജാതി സെൻസസ് ഉപയോഗിക്കാനുള്ള ശുപാർശകൾ കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇതിലൂടെ തെളിയുന്നത് ജാതി സെൻസസിന്റെ അനിവാര്യത എത്രമാത്രം വലുതാണ് എന്നതാണ്. ബീഹാർ സർക്കാർ ജാതി സെൻസസ് പുറത്തുവിട്ടു കഴിഞ്ഞു. കേരളം, തമിഴ്നാട്, പോലുളള കോൺഗ്രസ്- ബി.ജെ.പി ഇതര സർക്കാരുകളുടെ മുന്നിൽ ജാതി സെൻസസ് കീറാമുട്ടിയായിത്തന്നെ നിൽക്കുകയാണ്.