facial

വിവാഹത്തിലോ അല്ലെങ്കിൽ വേറെന്തെങ്കിലും ഫംഗ്ഷനോ പങ്കെടുക്കുമ്പോൾ തിളങ്ങിയിരിക്കണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. പലരും ബ്യൂട്ടിപാർലറിൽ പോയി ഫേഷ്യൽ ചെയ്തും മറ്റുമാണ് സൗന്ദര്യം കൂട്ടുന്നത്. കുറഞ്ഞത് എണ്ണൂറ് രൂപയെങ്കിലും കൈയിലില്ലെങ്കിൽ ഫേഷ്യൽ ചെയ്യൽ നടക്കില്ല.

എന്നാൽ പോക്കറ്റ് കാലിയാകാതെ, കെമിക്കലുകൾ ഉപയോഗിക്കാതെ ഫേഷ്യൽ ചെയ്യാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. ഫേഷ്യലിന് വേണ്ടി പ്രത്യേകം നൂറ് രൂപയുടെ സാധനം പോലും വാങ്ങേണ്ടിവരില്ല. കാരണം ഇതിനാവശ്യമായ സാധനങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ഫേഷ്യൽ പാക്ക് തയ്യാറാക്കുകയും ചെയ്യാം.

ആദ്യം സ്ക്രബ് ആണ് ചെയ്യേണ്ടത്. ഇതിനായി കാപ്പിപ്പൊടി, പഞ്ചസാര, പാൽ എന്നിവ മാത്രമേ ആവശ്യമുള്ളൂ. ഇവ മൂന്നും യോജിപ്പിക്കുക. ഇനി മുഖം വൃത്തിയാക്കിയ ശേഷം മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക. അഞ്ച് മിനിട്ടിന് ശേഷം കോട്ടൻ നനച്ച് തുടച്ചുകളയുക. ശേഷം കുറച്ച് തൈരിൽ കാപ്പിപ്പൊടിയിട്ട് മുഖം മസാജ് ചെയ്യുക.

ഇനി കടലമാവ്, കാപ്പിപ്പൊടി, ഒരു നുള്ള് കസ്തൂരി മഞ്ഞൾ, പാൽ, തേൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം മുഖത്ത് പുരട്ടിക്കൊടുക്കാം. പാക്ക് നന്നായി ഉണങ്ങിയ ശേഷം മസാജ് ചെയ്ത് കഴുകിക്കളയാം.

അതേസമയം, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. എല്ലാവരുടെയും ചർമം ഒരുപോലെയല്ല. അലർജിയോ മറ്റോ ഉള്ളവർ പാച്ച് ടെസ്റ്റ് ചെയ്‌ത് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ മുഖത്ത് എന്തും പുരട്ടാൻ സാധിക്കുകയുള്ളൂ.