db

മറുനാട്ടിൽ നല്ലൊരു ജോലിക്കായി കൊതിക്കുന്നവർക്ക് അവസരങ്ങളുടെ വാതിൽ തുറന്ന് ജർമ്മനി. രാജ്യത്തെ മുൻനിര കമ്പനിയായ ഡൂഷെ ബാൺ ആണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് അവസരം നൽകുന്നത്. ലോകമാകെയുള്ള തങ്ങളുടെ ആഗോള പ്രോജക്‌ടുകളിൽ ലോക്കോ പൈലറ്റാകാനാണ് ഇന്ത്യക്കാരെ വിളിച്ചിരിക്കുന്നത്. മെട്രോയിൽ കൺസൾട്ടൻസി, ഓപ്പറേഷൻസ്, അറ്റകുറ്റപ്പണികൾ എന്നിവ വാഗ്‌ദാനം ചെയ്‌ത് ഇന്ത്യൻ വിപണിയിൽ ശക്തമാകാനും കമ്പനി ശ്രമിക്കുന്നുണ്ട്.

'ജർമ്മനിയിൽ ട്രെയിൻ ലോക്കോ പൈലറ്റുമാരുടെ കുറവുണ്ട്. കമ്പനിയുടെ ആഗോള പദ്ധതിയിലുടനീളം ഇന്ത്യയിലെ മനുഷ്യവിഭവ ശേഷി ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.' ഡിബി ഇന്റർനാഷണൽ ഓപ്പറേഷൻസ് സിഇഒ നിക്കോ വാർബനോഫ് ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.

ഡൂഷെ ബാണിൽ ഏതാണ്ട് 100 തൊഴിലാളികൾ അന്താരാഷ്‌ട്ര മാർക്കറ്റുകളിലെ ജോലിക്ക് പരിശീലനം ലഭിച്ചവരാണ്. കമ്പനിയിലെ ആകെയുള്ള ജോലിക്കാരിൽ ആറിലൊന്നോളം വരുമിത്. ഉത്തർ പ്രദേശിലെ ഗാസിയാബാദിന് സമീപം ദുഹായിൽ നിന്ന് ഇന്ത്യക്കാരായ തൊഴിലാളികൾക്ക് പരിശീലനം നൽകി നിയമിച്ചിട്ടുണ്ടെന്നും വാർബനോഫ് പറഞ്ഞു. ഇന്ത്യയിൽ ആദ്യത്തെ റീജിയണൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സ‌ർവീസ് കമ്പനി നടപ്പാക്കിയിട്ട് ഒരു വർഷമായി.

ഡൽഹി-ഗാസിയാ‌ബാദ്-മീററ്റ് റീജിയണൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സ‌ർവീസ് നടത്താൻ 2022ലാണ് ഡി‌ബിയ്‌ക്ക് അവസരം ലഭിച്ചത്. 12 വർഷത്തേക്കാണ് സർവീസ്. ആയിരം കോടി രൂപയുടേതാണ് ഈ പ്രോജക്‌ട് എന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഓപറേഷൻസ്-മെയിന്റനൻസ് ജോലികൾ സ്വകാര്യ മേഖലയ്‌ക്ക് ആദ്യമായാണ് ഇത്തരത്തിൽ നൽകിയത്. നിലവിൽ രാജ്യത്ത് റെയിൽവെ, മെട്രോ ജോലികൾ സർക്കാർ ഉടമസ്ഥതയിൽ തന്നെയാണ് നടക്കുന്നത്.