chungath

അമേരിക്കൻ തിരഞ്ഞെടുപ്പ് അനിശ്ചിതത്വവും ഡോളർ ദൗർബല്യവും സ്വർണത്തിന് കരുത്തായി

കൊച്ചി: ആഗോള വാർത്തകളുടെ കരുത്തിൽ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് പവൻ വില 59,000 രൂപയിലെത്തി. ഇന്നലെ പവന് 480 രൂപയും ഗ്രാമിന് 60 രൂപ വില കൂടി. 24 ക്യാരറ്റ് തനിതങ്കത്തിന്റെ വില 83 ലക്ഷം രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന്(28.35 ഗ്രാം) 2,756 ഡോളറിലെത്തി. നവംബറിൽ നടക്കുന്ന അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നയ പ്രഖ്യാപനത്തിൽ മുഖ്യ പലിശ നിരക്ക് വീണ്ടും അര ശതമാനം കുറച്ചേക്കുമെന്ന പ്രവചനങ്ങളും വില ഉയർത്തി. സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിക്കാലത്തെ ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് ലോകമെമ്പാടുമുള്ള ഫണ്ടുകൾ സ്വർണത്തെ വിലയിരുത്തുന്നത്.

ദീപാവലിക്ക് മുന്നോടിയായി സ്വർണം വാങ്ങുന്നതിന് ഏറ്റവും അനുയോജ്യമായി കണക്കാക്കുന്ന ധൻതേരസിൽ ഇന്നലെ ജുവലറികളിൽ വിൽപ്പനയിൽ മികച്ച ഉണർവ് ദൃശ്യമായി. ഇന്നത്തെ വിലയിൽ സ്വർണം ആഭരണമായി വാങ്ങുമ്പോൾ ചരക്ക് സേവന നികുതിയും സെസും പണിക്കൂലിയും ഉൾപ്പെടെ പവന് 64,000 രൂപയിലധികമാകും.

പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം

1. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചു

2. ലോകമെമ്പാടുമുള്ള ഓഹരി വിപണികളിൽ നിന്ന് സ്വർണത്തിലേക്ക് പണമൊഴുകുന്നു

3. അമേരിക്കയിലെയും യൂറോപ്പിലെയും മാന്ദ്യ സാഹചര്യങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഗുണമായി

4. ഡോളറിന്റെയും യു.എസ് ബോണ്ടുകളുടെയും മൂല്യയിടിവും സ്വർണത്തിന് ഗുണമായി

നിക്ഷേപകർക്ക് വൻനേട്ടം

ഓഹരി, കമ്പോള, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയുമായി താരതമ്യം ചെയ്താൽ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് ഏറ്റവും മികച്ച വരുമാനമാണ് സ്വർണം നൽകിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 29ന് പവൻ വില 45,920 രൂപയായിരുന്നു. ഗ്രാമിന് 5,740 രൂപയും. ഇന്നലെ വരെ പവന് 13,080 രൂപയുടെയും ഗ്രാമിന് 1,635 രൂപയുടെയും വർദ്ധനയുണ്ടായി. നിക്ഷേപകർക്ക് 30 ശതമാനത്തിനടുത്താണ് നേട്ടമുണ്ടായത്.