suresh-gopi-biju-pappan

തേടി വരുന്നവർക്ക് എന്നും ആശ്രയമായി നിൽക്കുന്നയാളാണ് സുരേഷ് ഗോപിയെന്ന് നടൻ ബിജു പപ്പൻ. ഇഷ്‌ടമില്ലാത്ത കാര്യം ആരുടെയും മുഖത്ത് നോക്കി പറയും. സിനിമയിൽ ഏറ്റവും താഴേത്തട്ടിൽ ജോലി ചെയ്യുന്നവർക്ക് പോലും പലപ്പോഴും സാമ്പത്തിക സഹായങ്ങൾ ലഭിക്കാതെ വരുമ്പോൾ താങ്ങാകുന്നത് സുരേഷ് ഗോപിയാണെന്ന് ബിജു പപ്പൻ പറയുന്നു.

''സുരേഷേട്ടനെ ഞാൻ സമൂഹം എന്ന സിനിമയിലാണ് പരിചയപ്പെടുന്നത്. സുരേഷേട്ടന്റെ വീട്ടിൽ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ കുട്ടികളും വീട്ടിലുള്ള മറ്റുള്ളവരും നമ്മളും എല്ലാം ഒരുപോലെയാണ് സുരേഷേട്ടൻ കാണുന്നത്. കാരവാനിലേക്ക് നമ്മളെ വിളിച്ചുകയറ്റും. മധുരയിൽ നിന്നുള്ള അലുവ എടുക്കാൻ പറയും. അതുകഴിഞ്ഞ് ജിലേബി തരും. ഈ മധുരങ്ങൾ തരുന്നത് പോലെ തന്നെയാണ് സ്നേഹവും പുള്ളി എല്ലാവർക്കും കൊടുക്കുന്നത്.

ഇഷ്‌ടമില്ലെങ്കിൽ സുരേഷേട്ടൻ മുഖത്ത് നോക്കി പറയും. ഇൻഡസ്ട്രിയിൽ തന്നെ മേക്കപ്പ്മാൻമാർ, യൂണിറ്റിലുള്ളവർ, പ്രൊഡക്ഷനിലുള്ളവർ ഇവർക്കൊക്കെ കിട്ടുമെന്ന് പറഞ്ഞ സ്ഥലത്ത് നിന്ന് കിട്ടാതെ വരുമ്പോൾ അവർക്ക് ചെന്നെത്താൻ കഴിയുന്ന ഏക സ്ഥലം സുരേഷേട്ടന്റെ വീടാണ്. അവരെ കണ്ടയുടൻ സുരേഷേട്ടൻ പറയും നടക്കില്ല എന്ന്. എന്റെ കൈയിൽ ഒന്നുമില്ല. അതുകഴിഞ്ഞ് കർട്ടന്റെ ഇടയിൽ കൂടി നോക്കും അയാൾ പോകുന്നുണ്ടോ എന്ന്. പക്ഷേ വന്നവൻ കാർ ഷെഡിലുണ്ടാകും. അവനറിയാം കിട്ടുമെന്ന്. പുള്ളി അകത്തുപോയി ഒരു പൊതിയുമായിട്ട് വന്ന് കൊടുക്കും. ഇങ്ങനെ ആരുണ്ട്. ഒരുപക്ഷേ പലരുമുണ്ടാകാം.എന്നാൽ സുരേഷേട്ടൻ പലർക്കും ഒരു ധൈര്യമാണ്''.