boy

ഏറ്റവും നിഷ്‌കളങ്കർ ആരെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേ ഉള്ളൂ, കുഞ്ഞുങ്ങൾ. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണ് പറയാറ്. തന്റെ ചുറ്റുമുള്ളവരിൽ നിന്നാണ് അവൻ അല്ലെങ്കിൽ അവൾ പലതും പഠിക്കുന്നത്.

വളരെ ചെറുപ്രായത്തിൽ തന്നെ അവർ പഠിക്കുന്ന കാര്യങ്ങൾ ജീവിത കാലം മുഴുവൻ പിന്തുടരും. ജാതിക്കും മതത്തിനും അതീതമായി, മനുഷ്യരായി ജീവിക്കണമെന്നായിരിക്കണം ഓരോ രക്ഷിതാവും മക്കളെ പഠിപ്പിക്കേണ്ടത്. അത്തരത്തിൽ ഹിന്ദുവോ മുസ്ലീമോ എന്ന് ചോദിച്ചപ്പോൾ ഒരു കുട്ടി സഹപാഠിക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

അജ്നവ് ബൈജു എന്നാണ് കുട്ടിയുടെ പേര്. ഇതിൽ മതത്തിന്റെ സൂചനയില്ല. നീ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ഒന്നാം ക്ലാസിലെ സഹപാഠി ചോദിച്ചു. ഇക്കാര്യം ഡയറിയിൽ കുട്ടി എഴുതി വയ്ക്കുകയും ചെയ്തു.ഈ ഡയറിക്കുറിപ്പാണ് വൈറലാകുന്നത്.

ഡയറിയിലെ വരികൾ

'രാവിലെ എഴുന്നേറ്റു. സ്‌കൂളിൽ എത്തി. ഇന്ന് ഒരു അനുഭവം ഉണ്ടായി. ഞാൻ ഹിന്ദുവാണോ, മുസ്ലീമാണോയെന്ന് ഒരു കുട്ടി ചോദിച്ചു. ഞാൻ പറഞ്ഞു ഞാൻ മനുഷ്യനാണെന്ന്. ഇക്കാര്യം ഞാൻ പറഞ്ഞപ്പോൾ അമ്മ എന്നെ അഭിനന്ദിച്ചു.'- എന്നാണ് കുട്ടി ഡയറിയിൽ കുറിച്ചത്. ഇതൊരാൾ ഫേസ്‌ബുക്കിൽ പങ്കുവച്ചു. പോസ്റ്റ് വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.

അവനിലാണ് പ്രതീക്ഷയെന്നും ചെറുപ്രായത്തിലെ വലിയ ചിന്ത എന്നൊക്കെ പറഞ്ഞ് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അവന്റെ മാതാപിതാക്കളെ അഭിന്ദിച്ചുകൊണ്ടും കമന്റ് ചെയ്തവരുണ്ട്.