
ലക്‌നൗ: കോടതിമുറിക്കുള്ളിൽ അഭിഭാഷകരും ജഡ്ജിയും തമ്മിൽ സംഘർഷം. വാക്കേറ്റം അവസാനിച്ചത് കൈയാങ്കളിയിലും ലാത്തിച്ചാർജ്ജിലും. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ബാർ അസോസിയേഷനിലെ ഉദ്യോഗസ്ഥന്റെ കേസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലെത്തിയത്. അഭിഭാഷകർ ബഹളം വയ്ക്കുകയും ജഡ്‌ജിയെ വളയുകയും ചെയ്തതോടെ പൊലീസ് ലാത്തി വീശി. ഇതോടെ പൊലീസും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടി. പരിക്കേറ്റ നിരവധി അഭിഭാഷകർ ചികിത്സയിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായി. പൊലീസ്
ലാത്തി ചാർജ്ജ് നടത്തുന്നതും ഇരുകൂട്ടരും കസേരകൾ വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം.
ബാർ അസോസിയേഷൻ ഭാരവാഹിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. മുൻകൂർ ജാമ്യപേക്ഷയുമായി ബന്ധപ്പെട്ട വിഷയം കേൾക്കുകയായിരുന്നു കോടതി. ഹർജി മാറ്റണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു. നിരസിച്ചതോടെ അക്രമാസക്തരായി. ജഡ്ജിയുമായി വാക്കുതർക്കം രൂക്ഷമായതോടെ അഭിഭാഷകർ ജഡ്ജിയുടെ ചേമ്പർ വളഞ്ഞു. ജഡ്ജി ഉടൻ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി ലാത്തി വീശുകയും അഭിഭാഷകരെ നീക്കുകയുമായിരുന്നു.
രോഷാകുലരായ അഭിഭാഷകർ കോടതി പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി. കോടതി സമുച്ചയത്തിലെ പൊലീസ് പോസ്റ്റ് നശിപ്പിക്കുകയും ചെയ്തു. ജഡ്ജിക്കെതിരെയും അഭിഭാഷകർ മുദ്രാവാക്യം വിളിച്ചു. സംഭവത്തെ തുടർന്ന് ബാർ അസോസിയേഷൻ യോഗം വിളിച്ചിട്ടുണ്ട്.