a

വെടിക്കെട്ടിന് സംസ്കൃതത്തിൽ 'അഗ്നിക്രീഡ" എന്നു പറയും! പച്ചമലയാളത്തിൽ പറഞ്ഞാൽ 'തീക്കളി!" ആചാരങ്ങളുമായി ബന്ധപ്പെട്ടാണെങ്കിലും ആഘോഷങ്ങളുടെ ഭാഗമായിട്ടായാലും നിയന്ത്രണങ്ങളും നിബന്ധനകളും ലംഘിച്ചുള്ള വെടിക്കെട്ടുകൾ തീക്കളി തന്നെയാണ്. കേരളത്തിലാണെങ്കിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു മാത്രമല്ല,​ പള്ളിപ്പെരുന്നാളുകളുടെ ഭാഗമായും,​ ആരാധനാലയങ്ങളുമായി ബന്ധമില്ലാത്ത ആഘോഷപരിപാടികളുടെ ഭാഗമായിപ്പോലും വെടിക്കെട്ടുകൾ സാധാരണമാണ്. വർഷാവർഷം ഉത്സവ സീസണിൽ ചെറുതും വലുതുമായ വെടിക്കെട്ട് അപകടങ്ങൾ പതിവായിരിക്കുന്നു. ആ നിരയിൽ ഏറ്റവും ഒടുവിലുണ്ടായ ദുരന്തമാണ്,​ ഇന്നലെ പുലർച്ചെ കാസർകോട് നീലേശ്വരത്ത്,​ ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ സംഭവിച്ച വെടിക്കെട്ട് അപകടം. പൊള്ളലേറ്റും,​ പരിഭ്രാന്തരായി ഓടുന്നതിനിടയിൽ വീണ് പരിക്കേറ്റും 154 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ പതിനഞ്ചിലേറെപ്പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ജീവാപായം സംഭവിച്ചിട്ടില്ലെങ്കിലും, സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ ആയിരക്കണക്കിനു പേർ തിങ്ങിനിറഞ്ഞ ഉത്സവസ്ഥലത്ത് എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചും,​ നിയമാനുസൃത അനുമതികളില്ലാതെയും,​ വെടിക്കെട്ടു പുരയിൽ നിന്ന് മൂന്നുമീറ്റർ പോലും അകലത്തല്ലാതെ നടത്തിയ കരിമരുന്നു പ്രയോഗം ഒരു മഹാദുരന്തമായി പരിണമിക്കാൻ നിമിഷനേരം മതിയായിരുന്നു. കളിയാട്ടത്തോടനുബന്ധിച്ച് ഇവിടെ എല്ലാ വർഷവും വെടിക്കെട്ട് നടക്കാറുണ്ടെങ്കിലും അത്,​ ക്ഷേത്രത്തിനടുത്തുള്ള ഒരു കാവിനും അപ്പുറത്തായിട്ടായിരുന്നത്രേ. വെടിക്കെട്ടിന്റെ പൊലിമയ്ക്ക് കാവ് തടസമാകാതിരിക്കാനാണ് ഇത്തവണ കരിമരുന്നു പ്രയോഗം വെടിപ്പുരയ്ക്കു തൊട്ടടുത്തേക്കു മാറ്റിയത്. അതാകട്ടെ,​ അപകടത്തിൽ കലാശിക്കുകയും ചെയ്തു. അനുമതികളില്ലാതെയും സുരക്ഷ ഉറപ്പാക്കാതെയും കരിമരുന്നു പ്രയോഗം നടത്തിയതിന് ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് നടത്തിപ്പുകാരും ഉൾപ്പെടെ നിലവിൽ എട്ടു പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ മൂന്നുപേർ അറസ്റ്റിലാവുകയും ചെയ്തു.

'തീകൊണ്ടു കളിക്കരുത്" എന്നത് ഒരു പ്രയോഗം മാത്രമല്ലെന്നും,​ ചെറുതും വലുതുമായ ഏതുതരം വെടിക്കെട്ടും സുരക്ഷിതമായ അകലത്ത്,​ അനുവദനീയമായ അളവിൽ,​ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ നടത്താവൂ എന്നും ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നതാണ് നീലേശ്വരം അപകടം. സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതും സംഭരിക്കുന്നതും പ്രയോഗിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട എക്‌സ്‌പ്ളൊസീവ്സ് ആക്ടിലെ ചട്ടങ്ങൾ പരിഷ്കരിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയിട്ട് ആഴ്ചകൾ പോലുമായിട്ടില്ല. വെടിമരുന്ന് സാമഗ്രികൾ സംഭരിച്ചുവച്ചിരിക്കുന്ന സ്ഥലവും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 200 മീറ്റർ അകലമുണ്ടാകണമെന്നതാണ് 35 ഇനം ഭേദഗതികൾ ഉൾപ്പെടുത്തിയ പുതിയ വിജ്ഞാപനം. നിലവിൽ ഈ ദൂരപരിധി 45 മീറ്റർ മാത്രമാണ്. ഇതുതന്നെ കൂടുതലാണെന്നും,​ ദൂരപരിധി കുറയ്ക്കണമെന്നും ദേവസ്വങ്ങളും ക്ഷേത്ര കമ്മിറ്റികളും ആവശ്യമുന്നയിക്കുന്നതിനിടെയാണ് പുതിയ ഭേദഗതി. ഇത്തരം കടുത്ത നിയന്ത്രണങ്ങൾ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വെടിക്കെട്ടു നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തിയ സംസ്ഥാന മന്ത്രിസഭാ യോഗം,​ ഇളവു തേടി കേന്ദ്ര സർക്കാരിന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഉത്സവാഘോഷങ്ങൾക്ക് പ്രൗഢിയും പകിട്ടും പൊലിമയുമൊക്കെ നല്ലതു തന്നെ. വെടിക്കെട്ടിന്റെ കാര്യത്തിലാകുമ്പോൾ ഇവയുടെയൊക്കെ അളവ് കൂട്ടിക്കൂട്ടി ആൾക്കൂട്ടത്തെ അമ്പരപ്പിക്കാനുള്ള വിരുതുകൾ ദേവസ്വങ്ങളും വെടിക്കെട്ടുകാരും പുറത്തെടുക്കും. പക്ഷേ,​ ഏത് ഉദ്യമവും നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ചുള്ളതാണെന്നും,​ ആഹ്ളാദപൂർവം ഉത്സവം കാണാനെത്തുന്നവരുടെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്നുവെന്നും ആവർത്തിച്ച് തീർച്ചപ്പെടുത്തേണ്ട ഉത്തരവാദിത്വം നടത്തിപ്പുകാർക്കും സർക്കാരിനുമുണ്ട്. ജില്ലാ കളക്ടറുടെ അനുമതി,​ പൊലീസ് അനുമതി,​ ഫയർ സേഫ്ടി സർട്ടിഫിക്കറ്റ്,​ സ്ഥലത്ത് പൊലീസ് മേൽനോട്ടം തുടങ്ങി വെടിക്കെട്ടുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിബന്ധനകൾ നിരവധിയുണ്ട്. ആരാധനാലയവുമായി ബന്ധപ്പെട്ടതായതിനാൽ പലപ്പോഴും അധികൃതർ ഇതിനൊക്കെ കണ്ണടച്ചുകൊടുക്കും! അത്തരം അശ്രദ്ധകളും വിട്ടുവീഴ്ചകളും ഉദാസീനതകളും വരുത്തിവച്ചേക്കാവുന്ന അപകടങ്ങൾ ഒരിക്കൽക്കൂടി ഓ‍ർമ്മിപ്പിക്കുന്നതാകട്ടെ,​ നീലേശ്വരം വെടിക്കെട്ട് അപകടം.