rodri

ബാലൺ ദി യോർ നേടുന്ന ആദ്യ മാഞ്ചസ്റ്റർ സിറ്റി താരമാണ് റൊഡ്രി

1960ന് ശേഷം ഈ പുരസ്കാരം നേടുന്ന ആദ്യ സ്പാനിഷ് താരം

2008ന് ശേഷം ഈ പുരസ്കാരം നേടുന്ന ആദ്യ ഇംഗ്ളീഷ് പ്രിമിയർ ലീഗ് താരം

ഫുട്ബാൾ വാർത്തകളുടെ മുൻനിരയിൽ എപ്പോഴും ഇടംപിടിക്കുന്നത് ഗോളടിക്കുന്നവരുടെ പേരുകളായിരിക്കുമെന്നും എന്നാൽ ആ ഗോളുകളുടെ പിറവിക്ക് വഴിയൊരുക്കുന്ന മിഡ്ഫീൽഡർമാരെ വളരെ പതിയെ മാത്രമേ ലോകം തിരിച്ചറിയൂവെന്നും മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോള 2021ൽ പറഞ്ഞത് റൊഡ്രിയെ ചൂണ്ടിക്കാട്ടിയാണ്. 2019ൽ സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് പെപ് സ്വന്തമാക്കിയതാണ് റൊഡ്രിയെ. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പെപ്പിന്റെയും സിറ്റിയുടെയും വലിയ വിജയങ്ങളുടെയെല്ലാം ചുക്കാൻ പിടിച്ചത് ഈ 28കാരനാണ്. ഗ്വാർഡിയോള പറഞ്ഞതുപോലെ വലിയ ആഘോഷിക്കപ്പെടലുകൾ ഇല്ലാതെ റൊഡ്രി മാഞ്ചസ്റ്റർ സിറ്റിക്കും സ്പാനിഷ് ദേശീയ ടീമിനും വേണ്ടി ആഘോഷരാവുകൾ ഒരുക്കിക്കൊണ്ടിരുന്നു.

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അക്കാദമിയിൽനിന്ന് പ്രൊഫഷണൽ ഫുട്ബാളിലേക്ക് കാലെടുത്തവച്ച റൊഡ്രി വിയ്യാറയലിലും അത്‌ലറ്റിക്കോ മാഡ്രിഡിലും മികവ് തെളിയിച്ചശേഷമാണ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കുടിയേറിയത്. യൂറോപ്പിലെയെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹോൾഡിംഗ് മിഡ്ഫീൽഡർമാരിൽ ഒരാളാണ് റൊഡ്രി. പന്ത് നിയന്ത്രിച്ച് മത്സരത്തിന്റെ ഗതിവേഗം നിർണയിക്കുന്നതിൽ പ്രാഗത്ഭ്യംകാട്ടുന്ന പ്രതിഭ. 2019 മുതൽ മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കുന്ന റൊഡ്രി കഴിഞ്ഞ സീസണിൽ മാത്രം ക്ലബിനായി 50 മത്സരങ്ങളിൽ 9 ഗോളുകൾ നേടുകയും 14 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. അഞ്ചുസീസണുകളിലായി സിറ്റിക്ക് വേണ്ടി 260 മത്സരങ്ങളിൽ 26 ഗോളുകൾ നേടി. 12 കിരീടനേട്ടങ്ങളിൽ പങ്കാളിയായി. റൊഡ്രി കളിക്കാനിറങ്ങിയ 74 ശതമാനം മത്സരങ്ങളിലും സിറ്റിക്ക് ജയിക്കാൻ കഴിഞ്ഞു. റൊഡ്രിയുടെ അഭാവത്തിലാണ് സിറ്റി തോൽവികൾ വഴങ്ങിയത്. സ്പെയിനിനായി 57 മത്സരം കളിച്ചു. നാലു ഗോളും നേടി. യൂറോകപ്പും നേഷൻസ് ലീഗും സ്വന്തമാക്കി.

യൂറോ കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ റൊഡ്രി ലോക ഫുട്ബാളിലെ തന്നെ ഏറ്റവും നന്നായി ചിന്തിച്ചു കളിക്കുന്ന പ്ളേമേക്കർമാരിലൊരാളാണ്. ഒരു കമ്പ്യൂട്ടർ ഗെയിമിലെന്ന പോലെ കളിമെനയുന്ന താരമാണ് റൊഡ്രി .പന്ത് മിഡ്ഫീൽഡിൽ ഹോൾഡ് ചെയ്യാനും വേണ്ട സമയത്ത് സ്വന്തം താരങ്ങളുടെ സ്ഥാനം മനസിലാക്കി പാസ് ചെയ്യുന്നതിലുമുള്ള റൊഡ്രിയുടെ മിടുക്കാണ് യൂറോകപ്പിൽ സ്പാനിഷ് കോച്ച് ലൂയി ഡി ഫ്യുവന്റേ ഉപയോഗിച്ചത്.

ഫ്യുവന്റേ റൊഡ്രിയെ വിശേഷിപ്പിക്കുന്നത് ‘പെർഫെക്ട് കംപ്യൂട്ടർ’ എന്നാണ്. എതിർകളിക്കാർക്ക് ഈ സ്പാനിഷ് താരം റോൾസ് റോയ്‌സാണ്. ഈ രണ്ടു വിശേഷണങ്ങളും ഒരുപോലെ ചേരും. കാരണം കളിമികവിലും സാങ്കേതികത്തികവിലും ഏറെ മുന്നിലാണ് റൊഡ്രി. കംപ്യൂട്ടറിനെപ്പോലെ കളി നിയന്ത്രിച്ചുകൊണ്ടുപോകാനും റോൾസ് റോയ്‌സുപോലെ അതിനെ ആഡംബരമാക്കാനും റൊഡ്രിക്ക് കഴിയും. മത്സരങ്ങൾ നേരിട്ടും അല്ലാതെയും കണ്ടുകണ്ടാണ് താൻ പഠിക്കുന്നതെന്ന് റൊഡ്രി പറയുന്നു. മനസിലൂടെ ഓരോ നീക്കവും ആസൂത്രണംചെയ്യും. അത് കളത്തിൽ ആവിഷ്കരിക്കാൻ ശ്രമിക്കും. സ്പാനിഷ് ടീമിന്റെ നായകൻ അൽവാരോ മൊറാട്ടോയാണെങ്കിലും കളിക്കളത്തിലെ ടീമിനെ മുന്നോട്ടു നയിക്കുന്നത് റൊഡ്രിയാണ്. അതിനുള്ള അംഗീകാരം കൂടിയാണ് യൂറോകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരം.

സിറ്റിയിൽ റൊഡ്രിയെ ഡിഫൻസീവ് മിഡ്ഫീൽഡിൽനിന്ന് അല്പം മുന്നോട്ടു കയറ്റി കളിപ്പിക്കുന്ന പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ അതേ തന്ത്രം തന്നെയാണ് യൂറോയിൽ ഫ്യുവന്റേയും പിന്തുടർന്നത്. സിറ്റിയുടെ ഹോൾഡിംഗ് ഗെയിമിലും സ്പെയിനിന്റെ വേഗമേറിയ പാസിംഗ് ഗെയിമിലും ആങ്കർ റോളിൽ റൊഡ്രി അലിഞ്ഞുചേർന്നു.കഴിഞ്ഞ നേഷൻസ് ലീഗിൽ സ്പെയിൻ കിരീടം നേടിയപ്പോൾ റൊഡ്രിയായിരുന്നു ഫൈനലിലെ മികച്ച താരം. യൂറോയിൽ ടൂർണമെന്റിലെത്തന്നെ മികച്ച താരമായി.