s

പത്തനംതിട്ട: യാത്ര അയപ്പുയോഗം കഴിഞ്ഞശേഷം രാത്രി എട്ട് മണിയോടെയാണ് അവസാനമായി നവീൻബാബുവുമായി മഞ്ജുഷ സംസാരിച്ചത്. അങ്ങോട്ട് വിളിക്കുകയായിരുന്നു. ''അദ്ദേഹം അസ്വസ്ഥനായിരുന്നു. മാനസികമായി ബുദ്ധിമുട്ടുന്ന നിലയിലാണ് സംസാരിച്ചത്. രാവിലെ എത്തുമെന്നാണ് അപ്പോൾ പറഞ്ഞത്. ഈ സംഭവത്തെക്കുറിച്ചൊന്നും കൂടുതൽ വിവരങ്ങൾ പറഞ്ഞിരുന്നില്ല. ആർക്കും എപ്പോഴും സംസാരിക്കാനും സംശയനിവാരണത്തിനും അദ്ദേഹത്തെ വിളിക്കാമായിരുന്നു. കോന്നി താഹസിൽദാർ ആയ ഞാനും അദ്ദേഹത്തോട് അഭിപ്രായം ചോദിക്കുമായിരുന്നു.""

പൊലീസ് നടപടികളിൽ തൃപ്തരാണോ?

അറസ്റ്റ് വൈകുന്നതിൽ സ്വഭാവികമായും ബുദ്ധിമുട്ട് തോന്നിയിരുന്നു. നേരത്തെ അറസ്റ്റ് രേഖപ്പെടുത്താമായിരുന്നു. ജാമ്യം നിഷേധിക്കുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നില്ല. നിലവിലെ അന്വേഷണത്തിൽ വിശ്വാസമുണ്ട്. അന്വേഷണം കാര്യക്ഷമമായി നടക്കുമെന്നാണ് വിചാരിക്കുന്നത്.

അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ?

ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടം നടപടികളും കുടുംബം എത്തുന്നതിനു മുമ്പേ പൂർത്തിയാക്കിയിരുന്നു. അത് അന്വേഷിക്കണം. എഫ്.ഐ.ആർ മാത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കോടതിയിലാണ് ഹാജരാക്കിയത്. അതിൽ എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പ് കണ്ടെത്താത്തതിലും സംശയമുണ്ട്.

രാഷ്ട്രീയ സമ്മർദ്ദം ഉണ്ടോ?

ഇല്ല. ഞങ്ങൾ ഒരു പാർട്ടിയിലും അംഗമല്ല. കുടുംബത്തിനുമേലും അങ്ങനെയൊരു സമ്മർദ്ദമില്ല.

------------------------------------------------

നിയമത്തിൽ വിശ്വസിക്കുന്നു : പ്രവീൺ ബാബു

നിയമപരമായിട്ടാണ് മുമ്പോട്ടു പോയത്. ഇനിയും അങ്ങനെതന്നെയാകും പോകുക. നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. ഇതിൽ രാഷ്ട്രീയമില്ല. നവീൻ ബാബുവിന്റെ മരണത്തിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുവരണം. അറസ്റ്റ് നടന്നതിൽ സന്തോഷമുണ്ട്. ഒരു പാർട്ടിയിലും അംഗത്വമില്ല. പോസ്റ്റ്മാർട്ടം നടപടികൾ കളക്ടറുടെ നേതൃത്വത്തിലാണ് നടന്നത്. അതിൽ വീഴ്ചയുണ്ടെങ്കിൽ അന്വേഷിക്കണം.

'അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് എവിടംവരെ പോകാനും ഞങ്ങൾ തയ്യാറാണ്

-നിരഞ്ജന

'അമ്മയുടെ ഒപ്പം എല്ലാത്തിനും ഉണ്ടാകും. നിയമപരമായി മുമ്പോട്ട് പോകും. പേടിക്കില്ല.

നിരൂപമ