
ഒരു രാജ്യത്ത് നിന്ന് മറ്രൊരു രാജ്യത്ത് എത്തുമ്പോൾ നമ്മൾ ഇതുവരെ ശീലിച്ചത് ആയിരിക്കില്ല അവിടെ ഉണ്ടായിരിക്കുക. ഭക്ഷണം, വസ്ത്രം, സംസ്കാരം, ഭാഷ തുടങ്ങിയവയിൽ നിരവധി മാറ്റങ്ങൾ വരുന്നു. അത്തരത്തിൽ ഇന്ത്യയിൽ എത്തിയപ്പോൾ തന്റെ ജീവിതത്തിൽ വന്ന എട്ട് മാറ്റങ്ങളെക്കുറിച്ച് ഒരു വിദേശി പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
' ടിം ഫിഷർ' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെയാണ് ഇയാൾ ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം ഇന്ത്യയിൽ താമസിക്കാൻ എത്തിയത്. ഇന്ത്യയിൽ താമസിച്ചപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ എട്ട് മാറ്റങ്ങളാണ് അദ്ദേഹം വീഡിയോയിൽ വിശദീകരിക്കുന്നത്.
'തന്റെ ദിവസവുമുള്ള ഭക്ഷണത്തിൽ ഇപ്പോൾ കൂടുതൽ രുചിയും മസാലയും ഉണ്ട്, വീട്ടുമുറ്റത്ത് പുല്ലില്ല, തന്റെ പേരിന് പകരം ഭയ്യ, സാർ, അങ്കിൾ എന്നോക്കെയാണ് വിളിക്കുന്നത്, മറ്റൊരു ഭാഷ സംസാരിക്കാനും വായിക്കാനും കഴിയും, ഓട്ടോമാറ്റിക് വാതിൽ ഇല്ല, റോഡിന്റെ ഇടത് വശത്തിലൂടെയാണ് വാഹനം ഓടിക്കുന്നത്, വാഹനത്തിന്റെ വലത് വശത്ത്, സെെക്കിളിൽ ഒന്നിൽ കൂടുതൽ പേർക്ക് യാത്ര ചെയ്യാം'- ഇതെല്ലാമാണ് ജീവിതത്തിൽ വന്ന മാറ്റമായി അദ്ദേഹം പറയുന്നത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. നിരവധി ഇന്ത്യക്കാരാണ് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് രംഗത്തെത്തുന്നത്.