marriage

ആലപ്പുഴ: വിവാഹപ്രായം എത്തിയാൽ മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ചെറുപ്പക്കാർക്കായി കല്യാണം ആലോചിക്കാറുണ്ട്. എന്നാൽ നാട്ടിലെ പുരുഷന്മാർക്കായി പെണ്ണുതേടിയ ജില്ലാ പഞ്ചായത്തംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് കഴിഞ്ഞ ദിവസം വെെറലായത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ ജനപ്രതിനിധി ആർ റിയാസ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ് വെെറലായത്.

വിവാഹപ്രായമെത്തിയിട്ടും ആൺമക്കളുടെ വിവാഹം നടക്കുന്നില്ലെന്ന് ഡിവിഷനിലെ ഒട്ടേറെ അമ്മമാർ പരാതിയുമായി എത്തിയപ്പോഴാണ് പഞ്ചായത്തംഗവും ഇക്കാര്യം ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 30 വയസുകഴിഞ്ഞ അൻപതോളം ചെറുപ്പക്കാർ യോജിച്ച പങ്കാളികൾക്കായി കാത്തിരിക്കുകയാണെന്ന് മനസിലാക്കി. ഇതോടെ ഫേസ്ബുക്കിൽ ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചു.

'എന്റെ നാട്ടിലെ ആൺപിള്ളേർക്ക് പെണ്ണുണ്ടോ? നിരവധി ചെറുപ്പക്കാരാണ് വിവിധ കാരണങ്ങളാൽ കല്യാണം കഴിക്കാതെ നിൽക്കുന്നത്. ഇവർ എല്ലാവരും തൊഴിലാളികളാണ്',- എന്നായിരുന്നു കുറിപ്പ്. ചുരുങ്ങിയ സമയം കൊണ്ട് പോസ്റ്റ് അഞ്ചരലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി പേർ മറ്റ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു.

50 പേരിൽ നിന്ന് മൂന്ന് പേരുടെ വിവരങ്ങൾ റിയാസ് കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നു. വരന്മാരുടെ ഫോട്ടോയും പേരും വിലാസവും ഫോൺ നമ്പരും സഹിതം പോസ്റ്റിൽ ഉണ്ടായിരുന്നു. എന്നാൽ വ്യക്തികളുടെ വിവരങ്ങൾ പങ്കുവച്ചത് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് ഈ പോസ്റ്റ് നീക്കിയെന്ന് ഇന്ന് റിയാസ് പുതിയ പോസ്റ്റിൽ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണരൂപം

എന്റെ നാട്ടിലെ ആൺപിള്ളേർക്ക് പെണ്ണ് ചോദിച്ച് കൊണ്ടുള്ള പോസ്റ്റ്‌ 569000 പേർ കണ്ടു. ഈ സാമൂഹിക പ്രശ്നം maximum ആളുകളിൽ എത്തി എന്നാണ് എന്റെ വിശ്വാസം. Post കൊണ്ട് കുറെ പേർക്ക് പ്രയോജനപ്പെടും എന്ന് ഉറപ്പാണ്. ഇന്നലെ രാത്രി 8.30 ഓടെ facebook ഈ പോസ്റ്റ്‌ remove ചെയ്തു. Personal Details share ചെയ്തു എന്നാണ് reason പറഞ്ഞിരിക്കുന്നത്.