crime

കൊല്ലം: രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി യുവതി. മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയേയും രണ്ട് മാസം മാത്രം പ്രായമുള്ള മറ്റൊരു കുഞ്ഞിനേയും ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്. തഴവ കടത്തൂര്‍ സ്വദേശിയായ 25 വയസ് പ്രായമുള്ള യുവതിയാണ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 13ന് ആണ് യുവതി സ്വന്തം മക്കളെ ഉപേക്ഷിച്ച് പുനലൂര്‍ പിറവന്തൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തിനൊപ്പം നാടുവിട്ടത്. തുടര്‍ന്നാണ് യുവതിയുടെ അമ്മ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് യുവതിയേയും ഒപ്പം പുനലൂര്‍ സ്വദേശിയേയും അറസ്റ്റ് ചെയ്തു. ആശ്രിതരായ സ്വന്തം മക്കളെ നോക്കാന്‍ ബാദ്ധ്യതയുള്ള വ്യക്തിയായിരിക്കെ ഇതിന് തയ്യാറാകാതെ മുങ്ങിയതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് ബാലനീതി വകുപ്പ് ചുമത്തിയാണ് 25കാരിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ വി.ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ കുരുവിള, റഹിം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് യുവതിയേയും കാമുകനേയും പിടികൂടിയത്.