മണ്ണാർക്കാട്: കാറിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവും മാരകമയക്കുമരുന്നായ എം.ഡി.എം.എയും സഹിതം രണ്ടു പേരെ മണ്ണാർക്കാട് പൊലീസ് പിടികൂടി. തൃശൂർ അരിമ്പൂർ മനക്കൊടി പുളിപ്പറമ്പിൽ പി.എസ്.അരുൺ (33), മലപ്പുറം തിരുനാവായ ആലുങ്കൽ എ.അയ്യൂബ് (35) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ 12കിലോ കഞ്ചാവും 3.9 ഗ്രാം എം.ഡി.എം.എയുമാണ് പിടിച്ചെടുത്തത്. ഇന്നലെ രാവിലെ മണ്ണാർക്കാട് പട്ടണത്തിനടുത്ത് കുന്തിപ്പുഴ ബൈപ്പാസിലെ അരകുറുശ്ശി ഭാഗത്താണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വാഹനപരിശോധന നടത്തുകയായിരുന്നു. രണ്ടുകാറുകളിലായാണ് യുവാക്കൾ എത്തിയത്. വാഹനപരിശോധനയ്ക്കിടെ ആദ്യം വന്ന കാർ റോഡരികിൽ നിർത്തിയിട്ടു. ഇതിനു പിന്നാലെ വന്ന കാറിനെയാണ് പൊലീസ് തടഞ്ഞത്. ഈ കാറിലുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തത് കണ്ടതോടെ മുന്നിലെ കാറിലുണ്ടായിരുന്ന ആൾ ഇറങ്ങി ഓടി. ഇയാളെ ക്ഷേത്ര പരിസരത്തുണ്ടായിരുന്ന നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് കാറുകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. അരുൺ ഓടിച്ചിരുന്ന കാറിൽ നിന്നും 6.6 കിലോ കഞ്ചാവും വിശദമായ പരിശോധനയിൽ എം.ഡി.എം.എയും പിടികൂടി. അയ്യൂബ് ഓടിച്ചിരുന്ന കാറിൽ നിന്നും 5.4 ഗ്രാം കഞ്ചാവും കണ്ടെത്തി.
തമിഴ്നാട്ടിൽ നിന്നാണ് ഇവർ ലഹരിവസ്തുക്കൾ എത്തിച്ചതെന്നാണ് പൊലീസിന് ലഭ്യമായ വിവരം. ഡിവൈ.എസ്.പി സി.സുന്ദരന്റെ നിർദേശപ്രകാരം സി.ഐ എം.ബി.രാജേഷ്, എസ്.ഐ എം.അജാസുദ്ദീൻ, എ.എസ്.ഐമാരായ സീന, ശ്യാംകുമാർ, പൊലീസുകാരായ വിജയൻ, വിനോദ്കുമാർ, അഷ്റഫ്, മണ്ണാർക്കാട് സബ് ഡിവിഷനിലെ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളുമാണ് പരിശോധനയിൽ പങ്കെടുത്തത്.