gold

'സ്വര്‍ണത്തിന് ഇന്നും വില കൂടി', 'അത് എല്ലാ ദിവസവും സംഭവിക്കുന്നതല്ലേ'. ദിവസവും വില കൂടുന്നത് കൊണ്ട് തന്നെ ആളുകള്‍ക്ക് ഇപ്പോള്‍ സ്വര്‍ണത്തിന് വില വര്‍ദ്ധിക്കുന്നുവെന്ന് പറഞ്ഞാല്‍ അതൊരു വാര്‍ത്തയോ വലിയ സംഭവമോ അല്ലാതായി മാറിയെന്നതാണ് ഇന്നിന്റെ യാഥാര്‍ത്ഥ്യം. വിലയില്‍ ഇനി ഗണ്യമായ ഒരു കുറവോ തിരിച്ചുപോക്കോ ഇല്ലെന്നും പൊതുജനത്തിന് മനസ്സിലായി. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ കുറച്ചിട്ടും സ്വര്‍ണക്കച്ചവടക്കാര്‍ വില കുറയ്ക്കുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്. സ്വര്‍ണത്തിന് വല വര്‍ദ്ധിക്കാന്‍ വിവിധ കാരണങ്ങളുണ്ടെന്ന് ജ്വല്ലറി ഉടമകളും പറയുന്നു.

എപ്പോള്‍ മുതലാണ് സ്വര്‍ണവില ഇങ്ങനെ പിടിച്ചാല്‍ നില്‍ക്കാത്ത അവസ്ഥയില്‍ വര്‍ദ്ധിച്ച് തുടങ്ങിയത്. കഴിഞ്ഞ 50 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ എത്ര ശതമാനമായിരിക്കും സ്വര്‍ണവിലയില്‍ വര്‍ദ്ധിച്ചിട്ടുണ്ടാകുക. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ജൂവലറിയില്‍ പോയാല്‍ മാര്‍ക്കറ്റ് വില, ജിഎസ്ടി, പണിക്കൂലി തുടങ്ങിയവയെല്ലാം ചേര്‍ത്ത് 65,000 രൂപയെങ്കിലും നല്‍കണം. കുതിപ്പ് ഈ ഗതിയില്‍ തുടര്‍ന്നാല്‍ അടുത്ത അഞ്ച് മുതല്‍ ആറ് വര്‍ഷത്തിനുള്ളിലോ അല്ലെങ്കില്‍ അതിനും മുമ്പോ ഒരു പവന്‍ സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ വരെ നല്‍കേണ്ടി വന്നേക്കാം.

2024ലെ കാര്യം മാത്രം പരിശോധിച്ചാല്‍ സ്വര്‍ണത്തിന് കൂടിയത് 12,500 രൂപയില്‍ അധികമാണ്. ഒറ്റ വര്‍ഷം കൊണ്ട് 25 ശതമാനം വര്‍ദ്ധനവ് വന്നുകഴിഞ്ഞുവെന്ന് അര്‍ത്ഥം. 2023ല്‍ തൊട്ടു മുമ്പത്തെ വര്‍ഷം നല്‍കേണ്ടി വന്നതിനേക്കാള്‍ വില കൂടി 44,000ല്‍ എത്തിയിരുന്നു. 2021, 2022 വര്‍ഷങ്ങളില്‍ തൊട്ടുമുമ്പത്തെ കണക്കില്‍ നിന്ന് ചെറിയ ഇടിവുണ്ടായി 36,000ല്‍ എത്തിയിരുന്നു. 2020ലാണ് 2019നെ അപേക്ഷിച്ച് വില ഇരട്ടിയോളമായി സ്വര്‍ണം ഇങ്ങനെ പൊള്ളിക്കാന്‍ തുടങ്ങിയത്. 2019ല്‍ 23,720 രൂപ മാത്രമായിരുന്നത് 2020ല്‍ 42,000ല്‍ എത്തി നിന്നു. അതായത് 2019-2024 ആയപ്പോള്‍ കൂടിയത് 36,000 രൂപ.

2010ല്‍ വില 12,280 ആയിരുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അന്നത്തെ ട്രെന്‍ഡായിരുന്ന 22 കാരറ്റ് സ്വര്‍ണത്തിന് വില വെറും 4000ല്‍ താഴെയായിരുന്നു. 1990ല്‍ വില 2500 റേഞ്ചിലും പിന്നെയും 15 വര്‍ഷം പിന്നിലേക്ക് പോയാല്‍ 1975ല്‍ സ്വര്‍ണ വില വെറും 400 രൂപയും ആയിരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടാകും ഇന്നത്തെ തലമുറയ്ക്ക്.