
പെഷാവർ: പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൻഖ്വയിൽ പോളിയോ കുത്തിവെപ്പ് സംഘത്തെ ആക്രമിച്ചതിനെ തുടർന്ന് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. അഫ്ഗാനിസ്താൻ അതിർത്തിയിലെ ഒറക്സായി ഗോത്ര ജില്ലയിലാണ് മൂന്ന് ഭീകരരും പൊലീസുകാരനും കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇതേ പ്രവിശ്യയിൽത്തന്നെ മറ്റൊരിടത്ത് അക്രമികൾ പോളിയോ കുത്തിവെപ്പിനെത്തിയ സംഘത്തെ ആശുപത്രിയിൽ ബന്ദികളാക്കി. പോളിയോ കുത്തിവെപ്പിനെതിരെ തീവ്രനിലപാട് സ്വീകരിക്കുന്ന ഗോത്രവർഗ വിഭാഗമാണ് സംഭവത്തിന് പിന്നിലെന്നമാണ് പൊലീസ് പറയുന്നത്. പാകിസ്താനിൽ മൂന്നാമത്തെ രാജ്യവ്യാപക പോളിയോ കാമ്പയിൻ തിങ്കളാഴ്ച ആരംഭിച്ചിരുന്നു. 4.5 കോടി കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുകയാണ് ലക്ഷ്യം.
പാകിസ്താനിലെ 16 ജില്ലകളിൽ വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്നാണ് പോളിയോ തുള്ളിമരുന്ന് കാമ്പയിന് രാജ്യത്ത് തുടക്കം കുറിച്ചത്. ഈ വർഷം 41 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.