salman-khan

മുംബയ്: നടൻ സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി. രണ്ട് കോടി രൂപ നൽകിയില്ലെങ്കിൽ സൽമാൻ ഖാനെ കൊല്ലുമെന്നാണ് ഭീഷണി സന്ദേശം. മുംബയ് ട്രാഫിക് കൺട്രോളിലാണ് അജ്ഞാത സന്ദേശം ലഭിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീഷണിപ്പെടുത്തൽ, വധഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഒക്ടോബർ 12ന് വെടിയേറ്റ് മരിച്ച മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന ബാബ സിദ്ധിഖിന്റെ മകനും എംഎൽഎയുമായ സീഷാൻ സിദ്ധിഖിനും സൽമാൻ ഖാനും എതിരെ വധഭീഷണി മുഴക്കിയ 20കാരനെ ഇന്നലെ നോയിഡയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബയ് പൊലീസാണ് ഗുർഫാൻ ഖാനെ അറസ്റ്റ് ചെയ്തത്.

നേരത്തെ മുംബയ് ട്രാഫിക് പൊലീസിന്റെ വാട്‌സാപ്പ് ഹെൽപ്പ് ലെെനിൽ സൽമാൻ ഖാനെതിരെ വധഭീഷണി സന്ദേശം വന്നിരുന്നു. അഞ്ചുകോടിയാണ് അന്ന് ആവശ്യപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷെയ്ഖ് ഹുസെെൻ ഷെയ്ഖ് മൗസിൻ എന്ന 24കാരനെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിൽ നിരവധി വധഭീഷണികൾ നടനെതിരെ ഉയരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അധാേലോക നായകൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ നിന്നും സൽമാൻ ഖാനെതിരെ വധഭീഷണി ഉണ്ടായിരുന്നു.

തങ്ങളുടെ സമുദായത്തിന്റെ വിശുദ്ധ മൃഗമായി കരുതുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതാണ് സൽമാനുമായി ബിഷ്ണോയിക്ക് പക വളരാൻ കാരണം. പലതവണ ബിഷ്ണോയി സംഘത്തിൽ നിന്ന് സൽമാന് ഭീഷണിയും ലഭിച്ചിരുന്നു. അടുത്തിടെ അദ്ദേഹത്തിന്റെ വസതിക്കുനേരെ വെടിവയ്പ്പും നടന്നിരുന്നു. ബാബ സിദ്ധിഖിയുടെ മരണത്തോടെ സൽമാന്റെ സുരക്ഷ അധികൃതർ വർദ്ധിപ്പിച്ചിട്ടുണ്ട്.