
സുവോളജി അദ്ധ്യാപികയായ ഡോ എംഎസ് സുനിൽ തന്റെ ഔദ്യോഗിക ജീവിതത്തിനിടെയിലായിരുന്നു നാഷണൽ സർവീസ് സ്‌കീമിന്റെ (എൻഎസ്എസ്) പ്രോഗ്രാം ഓഫീസർ ചുമതല കൂടി ഏറ്റെടുക്കുന്നത്. ഒരു ദിവസം എൻഎസ്എസ് പ്രവർത്തനത്തിന്റെ ഭാഗമായി താൻ പഠിക്കുന്ന കോളേജിലെ വിദ്യാർത്ഥിയായ ആശയുടെ വീട്ടിലേക്ക് അപ്രതീക്ഷിതമായി ഒരു സന്ദർശനം നടത്തേണ്ടി വന്നു. ആശയുടെ വീട്ടിലെത്തിയപ്പോൾ കണ്ട ആ കാഴ്ച സുനിൽ ഒരിക്കലും മറക്കില്ല.
താൻ വിദ്യ ചൊല്ലിക്കൊടുക്കുന്ന വിദ്യാർത്ഥി അടച്ചുറപ്പുള്ള ഒരു വാതിൽപോലും ഇല്ലാത്ത വീട്ടിൽ കഴിയുന്ന കാഴ്ച കണ്ടതോടെ സുനിൽ ഒരു തീരുമാനമെടുത്തു. ആശയ്ക്ക് അടച്ചുറപ്പുള്ള ഒരു വീട്. 2005ൽ സ്വന്തം വിദ്യാർത്ഥിനിക്ക് വീട് വച്ചുകൊടുത്ത് തുടങ്ങിയ സുനിൽ, ഇന്ന് സ്വന്തം പ്രേയത്നത്തിൽ നിർദ്ധന കുടുംബങ്ങൾക്കായി 330 ഓളം വീടുകൾ പണിതുകൊടുത്തു. നിർദ്ധനരായ സ്ത്രീകൾക്കും ഭർത്താവ് ഉപേക്ഷിച്ച് ജീവിതം വഴിമുട്ടിയ വീട്ടമ്മമാർക്കുമാണ് സുനിലിന്റെ മേൽനോട്ടത്തിൽ വീടുകൾ പണിതു നൽകുന്നത്.
രോഗശയ്യയിൽ കിടക്കുന്ന കുടുംബങ്ങൾ, ദുരിതം അനുഭവിക്കുന്നവർക്കുള്ള സഹായങ്ങളടക്കം ചെയ്തുകൊണ്ടാണ് സുനിൽ തന്റെ പ്രവർത്തനം ആരംഭിച്ചത്. ഭിന്നശേഷിക്കാർക്ക് വീൽചെയർ, ശ്രവണസഹായി, കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ എന്നിവയും സുനിൽ എത്തിക്കാറുണ്ട്. അനാഥരായി തെരുവിൽ അലഞ്ഞ് നടക്കുന്നവരെ കണ്ടെത്തി അവർക്ക് വേണ്ട എല്ലാകാര്യങ്ങളും ചെയ്തുകൊടുക്കാനും സുനിൽ മുന്നിട്ടിറങ്ങിയിരുന്നു. ഒരു സമയത്ത് ഇങ്ങനെയുള്ള വ്യക്തികളെ കണ്ടാൽ ആദ്യം തന്നെയായിരുന്നു വിളിക്കുകയെന്ന് സുനിൽ സന്തോഷത്തോടെ പറഞ്ഞു.
എന്നാൽ അവരെ അനാഥാലയങ്ങളിൽ കൊണ്ടുവിടുന്നതിന് പകരം അവർക്ക് എന്തുകൊണ്ട് സ്വന്തമായി ഒരു വീടുവച്ച് കൊടുത്തുകൂടാ എന്ന ചിന്ത സുനിലിന്റെ മനസിലേക്ക് വന്നു. ആ ഒരു ചിന്തയിൽ നിന്നാണ് വീട് നിർമ്മിച്ചു നൽകുകയെന്ന ആശയത്തിലേക്ക് വന്നത്. കേരളത്തിലെ എട്ട് ജില്ലകളിലുള്ളവർക്കാണ് സുനിലിന്റെ നേതൃത്വത്തിൽ 330 വീടുകൾ പണിതുനൽകിയത്. വീട് നിർമ്മിച്ച് നൽകിയത് കൊണ്ട് മാത്രം സുനിൽ തന്റെ സൽപ്രവർത്തി അവസാനിക്കുന്നില്ല. ആ കുടുംബത്തിന് സ്ഥിരവരുമാനത്തിന് വേണ്ടിയുള്ള സഹായങ്ങളും സുനിലിന്റെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്.

സ്ത്രീകൾക്ക് സ്വയം തൊഴിൽ കേന്ദ്രം, വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായങ്ങളും ചെയ്തുവരുന്നുണ്ട്. അടുത്തിടെ നിർദ്ധനരായ കുടുംബത്തിൽ മൂന്ന് പെൺകുട്ടികളിൽ കലാപരമായ കഴിവുകൾ കണ്ട സുനിൽ അവരെ ഭരതനാട്യം പഠിപ്പിക്കാൻ ഓണലൈൻ ക്ലാസ് സൗകര്യവും ഏർപ്പെടുത്തി. സുനിലിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടരായ അമേരിക്കൻ മലയാളിയായ കലാകാരിയാണ് ഈ കുട്ടികളെ ഓൺലൈനിലൂടെ നൃത്തം പഠിപ്പിക്കുന്നത്. ഓരോ മാസത്തിന്റെ ഇടവേളകളിൽ ആദിവാസി മേഖലകളിൽ വേണ്ട ആഹാര സാധനങ്ങൾ, വസ്ത്രങ്ങൾ, പഠനസഹായങ്ങൾ എന്നിവയും എത്തിക്കാറുണ്ട്.
കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് സുനിൽ തന്റെ പ്രവർത്തനങ്ങൾ ഒരു ഫൗണ്ടേഷന് കീഴിൽ കൊണ്ടുവന്നത്. എന്നാൽ സ്വന്തമായി കെട്ടിടമോ വാഹനമോ ഒരുക്കിയിട്ടില്ല. വീടിനോട് ചേർന്നുള്ള മുറിയിലാണ് എല്ലാ പ്രവർത്തനവും. സുനിലിന്റെ മേൽനോട്ടത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് 'ഡോ എംസ് സുനിൽ ഫൗണ്ടേഷൻ' രൂപീകരിച്ചത്. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്ന് സുനിൽ പറഞ്ഞു. കോന്നി സ്വദേശിയായ കെപി ജയലാലും സുനിലിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇരുവരും ഒരുമിച്ച് ചേർന്നാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

സാമ്പത്തിക പിന്തുണയ്ക്ക് വേണ്ടി ആരെയും അങ്ങോട്ട് പോയി സമീപിക്കേണ്ട അവസ്ഥ സുനിലിന് വന്നിട്ടില്ല. സുമനസുകളുടെ സഹായത്താൽ ഒരു വ്യക്തി ഒരു വീട് എന്ന രീതിയിലാണ് നിർമ്മാണം. ഒരാൾ സ്പോൺസർ ചെയ്ത വീട്ടിലേക്ക് മറ്റൊരു വ്യക്തി നൽകുന്ന തുക ഉപയോഗിക്കില്ല. വീട് നിർമ്മിക്കാൻ ചെലവ് വഹിച്ച വ്യക്തിയാണ് താക്കോൽ കുടുംബത്തിന് കൈമാറുന്നത്. സഹായങ്ങൾ അർഹരിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതലും സുനിലിനെ സമീപിക്കുന്നത്.
ഒരു വ്യക്തി 12 വീടുവരെ വച്ചുനൽകിയിട്ടുണ്ട്. 650 സ്‌ക്വയർ ഫീറ്റിൽ രണ്ട് മുറികളുള്ള വീട് നിർമ്മിക്കാൻ അഞ്ചരലക്ഷം രൂപ വര ചെലവ് വരുന്നുണ്ട്. സ്ഥലത്തിന്റെ ഘടനയുടെ അടിസ്ഥാനത്തിൽ ചെലവ് ഉയരാനും സാദ്ധ്യതയുണ്ട്. എട്ട് ലക്ഷം രൂപ ചെലവിൽ രണ്ട് നില വീടുവരെ സുനിൽ പണിതുനൽകിയിട്ടുണ്ട്. നമ്മൾ ഒന്നും നേടുക എന്നതല്ല, നമ്മൾ ജീവിച്ചിരിക്കുമ്പോൾ നല്ലത് ചെയ്യുക. ദൈവം എൽപ്പിച്ച ജോലി ഞാൻ കൃത്യമായി ചെയ്യുന്നു, ഇതാണ് തന്റെ സന്തോഷമെന്ന് സുനിൽ പറയുന്നു.