bineesh

ആലപ്പുഴ: അരൂരിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ പണം പൊലീസിനെ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി. തുറവൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് വളമംഗലം പീടികത്തറയിൽ ബിനീഷാണ് റോഡരികിൽ നിന്ന് കിട്ടിയ ഒരു ലക്ഷം രൂപ കുത്തിയതോട് പൊലീസിനെ ഏൽപ്പിച്ചത്.

തിങ്കളാഴ്‌‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തുറവൂർ സ്റ്റാൻഡിലെ ഡ്രൈവറായ ബിനീഷ് ഓട്ടംകഴിഞ്ഞ് മടങ്ങവെയാണ് ജംഗ്ഷന് കിഴക്കുഭാഗത്തെ റോഡരികിൽ ഒരു പൊടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പണം നഷ്‌ടമായവർ അന്വേഷിച്ചെത്തുമെന്ന് കരുതി ഏറെനേരം കാത്തുനിന്നെങ്കിലും ആരും വന്നില്ല.

തുടർന്ന്, ഓട്ടോ തൊഴിലാളികളുമായി ഇക്കാര്യം സംസാരിക്കുകയും അവരുമായി ചേ‌ർന്ന് പണം കുത്തിയതോട് പൊലീസിൽ ഏൽപ്പിക്കുകയും ചെയ്‌തു. ഐഎൻടിയുസിയുടെ തുറവൂർ റീജണൽ സെക്രട്ടറിയും സേവാദളിന്റെ ജില്ലാ സെക്രട്ടറിയുമാണ് ബിനീഷ്.