-kopi-luwak

കോഫി പ്രേമികളാണ് നമ്മളിൽ പലരും. ചൂടോടെ ഒരുകപ്പ് കാപ്പി കുടിച്ച് ദിവസം ആരംഭിക്കുന്നത് പലർക്കും വലിയ ഊർജം നൽകുന്നു. അമേരിക്കാനോ, കാപ്പിച്ചീനോ, ലാറ്റെ തുടങ്ങി പല വിധത്തിലെ കോഫികൾ കേട്ടിട്ടും രുചിച്ചിട്ടും ഉള്ളവരായിരിക്കും കൂടുതൽ പേരും. ലോകത്തിലെ ഏറ്റവും വിലയേറിയ കോഫി ഏതാണെന്ന് അറിയാമോ? ഒരു ജീവിയുടെ കാഷ്ഠത്തിൽ നിന്നാണ് അത് ഉണ്ടാക്കുന്നതെന്നും എത്രപേർക്കറിയാം?

കോപ്പി ലുവാക് എന്നാണ് ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പിയുടെ പേര്. ഒരു കപ്പ് കാപ്പിക്ക് 35 ഡോളർ (ഏകദേശം 3000 രൂപ) മുതൽ 80 ഡോളർ (ഏകദേശം 7000 രൂപ) വരെയാണ് വില. കാപ്പിക്കുരു വാങ്ങണമെങ്കിൽ കിലോയ്ക്ക് 100 മുതൽ 1300 ഡോളർ വരെ നൽകേണ്ടി വരും. കാപ്പിക്കുരുവിന്റെ ഉത്പാദന രീതിയും ഡിമാൻഡുമാണ് കോപ്പി ലുവാക്കിനെ ഇത്രയേറിയ വിലയേറിയതാക്കുന്നത്.

ഇന്തോനേഷ്യയിലാണ് കോപ്പി ലുവാക് ആദ്യമായി ഉത്‌പാദിപ്പിച്ചത്. സിവെറ്റ് കോഫി എന്നും ഇത് അറിയപ്പെടുന്നു. സിവെറ്റ് കാറ്റ് (ഏഷ്യൻ പാം സിവെറ്റ്) എന്ന ഒരിനം മരപ്പട്ടിയുടെ കാഷ്ഠത്തിൽ നിന്നാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത് എന്നതിനാലാണ് ഈ പേര് ലഭിച്ചത്. സിവെറ്റ് കാറ്റുകളുടെ പ്രധാന ഭക്ഷണം കാപ്പിക്കുരു ആണ്. ലുവാക് കോപ്പി തയ്യാറാക്കാനായി നല്ല പഴുത്ത കാപ്പിക്കുരുക്കളാണ് മരപ്പട്ടികൾക്ക് ഭക്ഷണമായി നൽകുന്നത്. ശേഷം ഇവയുടെ കാഷ്ഠത്തിൽ നിന്ന് പകുതി ദഹിച്ച കാപ്പിക്കുരു കൈകൊണ്ടുതന്നെ വേർതിരിച്ചെടുക്കുകയും കഴുകി വൃത്തിയാക്കി ഉണക്കി റോസ്റ്റ് ചെയ്തെടുക്കുകയും ചെയ്യുന്നു.

ഇന്തോനേഷ്യയിലെ സുമാത്ര, ബാലി തുടങ്ങിയ സ്ഥലങ്ങളിൽ കോപ്പി ലുവാക് ഉത്‌പാദനം വലിയ വ്യവസായമായി മാറിയിരിക്കുകയാണ്. ഇപ്പോൾ കൊച്ചി നഗരത്തിലും കോപ്പി ലുവാക് ഷോപ്പുകളുണ്ട്. രുചിയിലും കടുപ്പത്തിലുമുള്ള പ്രത്യേകതകൾ കോപ്പി ലുവാക്കിനെ മറ്റ് കാപ്പികളിൽ നിന്ന് വ്യത്യസ്തരാക്കുന്നു.