court-

തൃശൂർ : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് തൃശൂർ ഈസ്റ്റ് പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയായ യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. തൃശൂർ സ്പെഷ്യൽ പോക്സോ സെഷൻസ് ജഡ്ജ് ജയപ്രഭുവാണ് പ്രതിയെ വെറുതേ വിട്ടത്. തിരുവനന്തപുരം കുടപ്പനക്കുന്ന് വില്ലേജിൽ കല്ലയം അഖിൽ നിവാസിൽ അഖിലിനെയാണ് (26 ) വിട്ടയച്ചത് .

തൃശൂർ സ്വദേശിനിയും എൻജിനിയറിംഗ് വിദ്യാർത്ഥിയുമായ പെൺകുട്ടിയെ തിരുവനന്തപുരത്തുകാരനായ പ്രതി വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കുകയും സ്വകാര്യ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിയ്ക്കുകയും ചെയ്തെന്നാണ് പോലീസ് ഭാഷ്യം. 2021 ജൂലൈ മാസം മുതൽ നിരവധി തവണ തൃശൂരുള്ള പ്രസിദ്ധ ഹോട്ടലുകളിൽ വച്ച് പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.

പീഡനത്തിരയായ പെൺകുട്ടിയും മാതാവും ഉൾപ്പടെ 15 സാക്ഷികൾ കോടതിയിൽ മൊഴി നൽകി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 33 രേഖകൾ ഹാജരാക്കി. പ്രതിയ്ക്കെതിരേയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും സംശയാതീതമായി തെളിയിയ്ക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലായെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. പ്രതിയ്ക്കു വേണ്ടി അഭിഭാഷകരായ കല്ലൂർ കൈലാസ് നാഥ്, ആർ. എസ്. പ്രശാന്ത് എന്നിവർ കോടതിയിൽ ഹാജരായി