
തിരുവനന്തപുരം: പ്ലസ്ടുവിനുശേഷം ജർമ്മനിയിൽ സ്റ്റൈപ്പെൻഡോടെ നഴ്സിംഗ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിൾവിൻ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തീയതി നവംബർ 6 വരെ നീട്ടി. ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. ഇതോടൊപ്പം ജർമ്മൻ ഭാഷയിൽ ബി-1 അല്ലെങ്കിൽ ബി-2 ലെവൽ പാസായവരുമാകണം. www.norkaroots.org, www.nifl.norkaroots.org സന്ദർശിച്ച്, ഇംഗ്ലീഷിൽ തയ്യാറാക്കിയ വിശദമായ ബയോഡേറ്റ, മോട്ടിവേഷൻ ലെറ്റർ, ജർമ്മൻ ഭാഷായോഗ്യത, മുൻപരിചയം (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അപേക്ഷിക്കണം. അഭിമുഖം 2025 മാർച്ചിൽ നടക്കും.
ആരോഗ്യ മേഖലയിലെ മുൻപരിചയം അധികയോഗ്യതയായി പരിഗണിക്കും. പ്രായപരിധി: 18- 27. അപേക്ഷകർ കഴിഞ്ഞ ആറുമാസമായി ഇന്ത്യയിൽ തുടർച്ചയായി താമസിക്കുന്നവരും, നിർദ്ദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സന്നദ്ധതയുള്ളവരുമാകണം. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിൾവിൻ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്).
വിമുക്തഭടൻമാർക്ക് രണ്ടുകോടിയുടെ വായ്പ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതിയിലെ എക്സ് സർവ്വീസ് മെൻ സ്കീം അനുസരിച്ച് വിമുക്തഭടൻമാർക്ക് ബിസിനസ് തുടങ്ങാൻ കേരള ഫിനാൻഷ്യൻ കോർപറേഷൻ വഴി രണ്ടുകോടിരൂപവരെ വായ്പ നൽകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 50കോടിരൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. www.kfc.org വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യവർഷം വായ്പ തിരിച്ചടയ്ക്കേണ്ടതില്ല.മോറട്ടോറിയം ആനുകൂല്യമുണ്ട്. പിന്നീട് അഞ്ചുവർഷം കൊണ്ട് തിരിച്ചടച്ചാൽ മതി.11% ആണ് പലിശനിരക്ക്.എന്നാൽ ഇതിൽ 3% സർക്കാർ സബ്സിഡിയായി നൽകും.കെ.എഫ്.സിയുടെ പ്രത്യേക റിബേറ്റ് 2% കിട്ടും. ബാക്കി 6%പലിശ നൽകിയാൽ മതി.ബിസിനസ് തുടങ്ങാനാവശ്യമായ തുകയുടെ 90% വരെ വായ്പ കിട്ടും.