ssss


ബംഗളൂരു: സുഖ ചികിത്സയ്ക്കായി ബംഗളൂരുവിൽ നാല് ദിവസത്തെ സന്ദർശനം നടത്തി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും പത്നി കാമില്ലയും. കഴിഞ്ഞ 26ന് എത്തിയ ഇരുവരും ഇന്നലെ മടങ്ങി. വൈറ്റ് ഫീൽഡിലുള്ള സൗഖ്യ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ സുഖ ചികിത്സയ്ക്കായാണ് ചാൾസും പത്നിയും എത്തിയത്. യോഗയും വിവിധ തെറാപ്പികളും നടത്തി. കർണാടക പൊലീസും കേന്ദ്ര സേനയും സുരക്ഷ ഒരുക്കി. ഒഴിവുവേളകൾ ചികിത്സ കേന്ദ്രത്തിൽ നടത്തത്തിനായി ചെലവിട്ട ഇരുവരും ക്യാമ്പസിലെ ഭക്ഷണവും ആസ്വദിച്ചു. സ്വകാര്യ സന്ദർശനമായിരുന്നതിനാൽ മാദ്ധ്യമങ്ങളെ വിവരമറിയിച്ചില്ല. പൊതുപരിപാടികളും നിശ്ചയിച്ചിരുന്നില്ല.

2023ലെ കിരീട ധാരണത്തിനുശേഷം ആദ്യമായാണ് ചാൾസ് ഇന്ത്യയിലെത്തുന്നത്. മുമ്പ് നിരവധി തവണ ചാൾസ് ഇവിടം സന്ദർശിച്ചിട്ടുണ്ട്. അപ്രഖ്യാപിത സന്ദർശനമായതിനാൽ ഔദ്യോഗിക സ്വീകരണമുൾപ്പെടെ നടത്തിയില്ല എന്നാണ് റിപ്പോർട്ട്.

26ന് രാത്രിയാണ് ഇരുവരും ബംഗളൂരുവിലെത്തിയത്. 21 മുതൽ 26 വരെ സമോവയിൽ കോമൺവെൽത്ത് ഹെഡ്സ് ഒഫ് ഗവൺമെന്റ്സ് യോഗത്തിനു ശേഷമാണ് ഇരുവരും ഇന്ത്യയിലേക്ക് പുറപ്പെട്ടത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് 2022 സെപ്‌തംബറിലാണ് മൂത്തമകൻ ചാൾസിനെ രാജാവായി പ്രഖ്യാപിച്ചത്.