
പത്തനംതിട്ട: അടൂർ പഴകുളത്ത് സ്വകാര്യ ബസ് മറിഞ്ഞ് പത്തിലേറെപ്പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് മണിയോടെയായിരുന്നു അപകടം. അടൂരിൽ നിന്ന് കായംകുളത്തേക്ക് പോയ സ്വകാര്യ ബസാണ് മറിഞ്ഞത്.
ബസ് സമീപത്തെ പോസ്റ്റിലിടിച്ച ശേഷം മറിയുകയായിരുന്നു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. നാട്ടുകാർ അടക്കമുള്ളവർ ചേർന്നാണ് രാക്ഷാപ്രവർത്തനം നടത്തിയത്.
പരിക്കേറ്റവരെ അടൂരിലെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ആവശ്യമെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.