darshan

ബംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന കന്നട നടൻ ദർശൻ തുഗുദീപയ്ക്ക് ഇടക്കാലജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. ചികിത്സയ്ക്കായി ആറാഴ്ചത്തേക്കാണ് ജാമ്യം. ഇരുകാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും കാണിച്ചാണ് ദർശൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. ബെല്ലാരി സർക്കാർ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം തലവന്റെ റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതു വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്.
ഏഴ് ദിവസത്തിനുള്ളിൽ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പാസ്‌പോർട്ടും സമർപ്പിക്കണം എന്ന വ്യവസ്ഥയിലാണ് ജസ്റ്റിസ് എസ്. വിശ്വജിത് ഷെട്ടി ജാമ്യം അനുവദിച്ചത്.

മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുന്നതെന്നാണ് ദർശന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകളിൽ പറയുന്നത്. ചെലവ് ദർശൻ സ്വയം വഹിക്കുമെന്നും പറയുന്നു. അതേസമയം, എത്ര ദിവസത്തേക്കാണ് ചികിത്സ വേണ്ടിവരിക എന്ന് ജാമ്യാപേക്ഷയിൽ പറയുന്നില്ലെന്നും ചികിത്സ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്നും എതിർഭാഗം വാദിച്ചു.

സാമൂഹ മാദ്ധ്യമങ്ങളിലൂടെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശങ്ങൾ അയച്ചു എന്നാരോപിച്ചാണ് ആരാധകനായ രേണുക സ്വാമിയെ ക്രൂരമായി കൊലപ്പെടുത്തിയത്.