
കൊല്ലം : മനോബുദ്ധികളെ പ്രലോഭിപ്പിക്കുന്ന ആകർഷക ലക്ഷ്യങ്ങൾ പലതുമുണ്ടാകാം. എന്നാൽ ജീവിതത്തേയും സാധ്യതകളേയും സമഗ്രം നോക്കിക്കണ്ട് ലക്ഷ്യ നിശ്ചയം സാധിക്കണം. ഇല്ലെങ്കിൽ ബൗദ്ധിക - മാനസിക ഊർജങ്ങൾ പല പ്രകാരം നഷ്ടമായിപ്പോവും. സ്വന്തം ജീവിത പുരോഗതി ഉറപ്പാക്കുന്നതു പോലെ സമാജത്തിൻ്റെ അഭിവൃദ്ധിയും പരിഗണിക്കണം. അപ്പോഴേ കൃതാർത്ഥത നേടാൻ കഴിയൂ. കർമയോഗം അതിന് ഓരോരുത്തരേയും സഹായിക്കുന്നു.
സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി - ഭഗവദ് ഗീത രണ്ടാം അധ്യായത്തിൽ കർമയോഗ സംബന്ധിയായ ശ്ലോകങ്ങൾ വ്യാഖ്യാനിക്കവെ വ്യക്തമാക്കി.
41 ദിവസം നീണ്ടു നിൽക്കുന്ന വ്യാസപ്രസാദം 24 ൻ്റെ വേദിയിൽ പതിനേഴാം ദിന പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ചിന്താ സാമർത്ഥ്യമുള്ള മനുഷ്യന് കാര്യക്ഷമമായ ജീവിതം സാധ്യമാകണമെങ്കിൽ ഒരുത്തമ നിർദ്ദേശ പത്രിക വേണം. ഉപനിഷത്തുക്കളും ഭഗവദ് ഗീതയുമൊക്കെ നന്മയും ഐശ്വര്യവും നിറഞ്ഞ വിജയപ്രാപ്തിക്ക് പാത കാണിക്കുന്ന ഗ്രന്ഥങ്ങളാണ്. ഈ ഗ്രന്ഥങ്ങൾ നൽകുന്ന മാർഗദർശനത്തെ സൈദ്ധാന്തികം, പ്രായോഗികം എന്ന് രണ്ടായി തിരിക്കാം. സാംഖ്യ ബുദ്ധിയാണ് ഭഗവാൻ രണ്ടാം അദ്ധ്യായത്തിൻ്റെ പ്രാഥമിക ഭാഗത്ത് പങ്കുവെച്ചത്. തുടർന്ന് പ്രായോഗിക ധർമ - കർമയോഗ പാഠം അവതരിപ്പിക്കുന്നു. ബുദ്ധിയോഗം എന്നും കർമയോഗത്തെ വിശേഷിപ്പിക്കാം.
ഏതു കാര്യത്തിനിറങ്ങിത്തിരിക്കുമ്പോഴും രണ്ടു പ്രകാരത്തിലുള്ള ആശങ്ക ഒരാൾക്കുണ്ടായേക്കാം. ആരംഭത്തിൽ തന്നെ പിഴച്ചു പോവുന്ന അവസ്ഥയും നന്നായി ആരംഭിക്കപ്പെട്ടാലും പാതിവഴിയിൽ പിഴച്ചു പോവുന്ന പ്രശ്നവും. കർമങ്ങൾ കർമയോഗമായി ചെയ്യുമ്പോൾ ഈ രണ്ട് ആശങ്കകളും അപ്രസക്തമാവും - ഭഗവാൻ ആശ്വസിപ്പിക്കുന്നുണ്ട്. കാരണം കർമയോഗിയെ ഈ വൈപരീത്യങ്ങൾ ബാധിക്കില്ല.
സംബോധകം യജ്ഞ നഗരിയിൽ പ്രഭാഷണ വേദിയിൽ കർമയോഗത്തെ ആസ്പദമാക്കി വിശകലനം അവതരിപ്പിക്കുകയായിരുന്നു സ്വാമി അദ്ധ്യാത്മാനന്ദ.
പ്രഭാഷണ പരമ്പര എന്നും വൈകീട്ട് 06:00 മുതൽ 07:30 വരെ കൊല്ലം ആ ശ്രാമം ശ്രീനാരായണ സാംസ്ക്കാരിക സമുച്ചയത്തിൻ്റെ മുഖമണ്ഡപത്തിൽ നടന്നു വരുന്നു .