mayonnaise

ഹൈദരാബാദ്: ഫാസ്റ്റ് ഫുഡ് പ്രേമികള്‍ ഇഷ്ടത്തോടെ കഴിച്ചിരുന്ന മയോണൈസ് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. പച്ചമുട്ടയില്‍ നിന്ന് നിര്‍മിക്കുന്ന മയോണൈസ് ഒരു വര്‍ഷത്തേക്കാണ് തെലങ്കാന സര്‍ക്കാര്‍ നിരോധിച്ചത്. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ പെരുകുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.

കഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് നഗരത്തില്‍ മോമോസ് കഴിച്ചതിനെ തുടര്‍ന്ന് ഒരാളുടെ ജീവന്‍ നഷ്ടപ്പെടുകയും നിരവധിപേര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തത്. ഇതേത്തുടര്‍ന്ന് പരാതികളും അന്വേഷണവും വ്യാപകമാക്കിയിരുന്നു.

ഇതിനൊടുവിലാണ് മയോണൈസില്‍ നിന്ന് വിഷബാധയേല്‍ക്കുന്ന കേസുകളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കണ്ടെത്തിയത്.

ബുധനാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നു, ഒരു വര്‍ഷത്തേക്ക് നീണ്ടുനില്‍ക്കും. മുട്ടയില്‍ നിന്നല്ലാത്ത മയോണൈസ് ഉണ്ടാക്കാന്‍ നിയമതടസ്സങ്ങളുണ്ടാകില്ല.

സാന്‍ഡ്വിച്ച്, മോമോസ്, ഷവര്‍മ തുടങ്ങിയ ഭക്ഷണങ്ങളില്‍ മുട്ട ചേര്‍ത്തുള്ള മയോണൈസ് ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് നിരവധി ഭക്ഷ്യവിഷബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ധാരാളം പരാതികളും അധികൃതര്‍ക്ക് ലഭിച്ചിരുന്നു. കേരളത്തിലും ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളില്‍ നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുകയും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമാണ്.

തെലങ്കാനയുടെ മാതൃക പിന്തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളും സമാനമായ നിരോധനത്തിലേക്ക് പോകുമോയെന്നാണ് വരും ദിവസങ്ങളില്‍ അറിയേണ്ടത്.