pic

ഒട്ടാവ: ഭൂരിപക്ഷം നഷ്‌ടമായിട്ടും വിശ്വാസ വോട്ടിന്റെ ബലത്തിൽ അധികാരം നിലനിറുത്തുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് വീണ്ടും തിരിച്ചടി. ഹൗസ് ഒഫ് കോമൺസിലെ (പാർലമെന്റ് അധോസഭ) പ്രധാന കക്ഷികളിലൊന്നായ ബ്ലോക്ക് കീബെക്വ പാർട്ടി പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു.

ക്ഷീരകർഷക സഹായമടക്കം രണ്ട് ആവശ്യങ്ങൾ ട്രൂഡോ ഒക്ടോബർ 29ന് മുമ്പ് അംഗീകരിക്കണമെന്ന് ബ്ലോക്ക് പാർട്ടി ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ ട്രൂഡോയെ വീഴ്ത്താൻ പ്രതിപക്ഷത്തിനൊപ്പം ചേരുമെന്നായിരുന്നു പ്രഖ്യാപനം.

ട്രൂഡോയ്ക്കെതിരെ ഇനിയും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കൺസർവേറ്റീവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ലാത്ത 338 അംഗ പാർലമെന്റിൽ ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് 153 എം.പിമാരുണ്ട്. അവിശ്വാസ വോട്ടുണ്ടായാൽ രക്ഷനേടാൻ 170 വോട്ടാണ് വേണ്ടത്.

സെപ്തംബറിൽ നടന്ന അവിശ്വാസ പ്രമേയ വോട്ടിനെ ഖാലിസ്ഥാൻ അനുകൂലിയായ ജഗ്‌മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി), ബ്ലോക്ക് കീബെക്വ പാർട്ടി എന്നിവരും രണ്ട് ഗ്രീൻ പാർട്ടി അംഗങ്ങളും രണ്ട് സ്വതന്ത്രരും എതിർത്തതാണ് ട്രൂഡോയ്ക്ക് രക്ഷയായത്.

എൻ.ഡി.പി ട്രൂഡോ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 2025 വരെ ട്രൂഡോയെ അധികാരത്തിൽ നിലനിറുത്തുമെന്നായിരുന്നു ഇവർക്കിടെയിലെ കരാർ. എന്നാൽ, അവിശ്വാസ വോട്ടുകളുണ്ടായാൽ ഇവർ ട്രൂഡോ പിന്തുണയ്ക്കുന്നത് തുടരും. എൻ.ഡി.പിയുടെ സഹായം തുടർന്നാൽ ട്രൂഡോയ്ക്ക് പുറത്താകാതെ പിടിച്ചുനിൽക്കാം.

 നിലവിൽ

ഹൗസ് ഒഫ് കോമൺസ്

സീറ്റ് - 338

കേവല ഭൂരിപക്ഷം - 170

ലിബറൽ - 153

കൺസർവേറ്റീവ് - 119

എൻ.ഡി.പി - 25

ബ്ലോക്ക് കീബെക്വ - 33

ഗ്രീൻ - 2

സ്വതന്ത്രൻ - 4

ഒഴിവ് - 2