anita

ജോധ്പൂർ: രണ്ട് ദിവസമായി കാണാനില്ലായിരുന്ന 50കാരിയുടെ മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ജോധ്പൂർ സ്വദേശിനിയായ അനിത ചൗധരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സ്ത്രീയുടെ കഷ്ണങ്ങളാക്കിയ മൃതദേഹം കണ്ടെത്തിയത്. പഴയ കുടുംബ സുഹൃത്ത് കൊലപ്പെടുത്തിയതായാണ് വിവരം. ജോധ്പൂരിൽ ബ്യൂട്ടിപാർലർ നടത്തി വരികയായിരുന്നു അനിത.

ഒക്ടോബർ 27ന് ഉച്ചയോടെ അനിത പാർലർ പൂട്ടി വീട്ടിലേക്ക് മടങ്ങിയതായാണ് വിവരം. രാത്രിയായിട്ടും ഇവർ വീട്ടിലെത്താത്തിനെ തുടർന്ന് ഭർത്താവായ മൻമോഹൻ ചൗധരി (56) പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണിന്റെ ലൊക്കേഷനും കോൾ ചെയ്തതിന്റെ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ സംശയം പഴയ സുഹൃത്തായ ഗുൽ മുഹമ്മദിലേക്ക് എത്തിയത്. അനിത അയാളെ സഹോദരനായാണ് കണ്ടിരുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഗുൽ മുഹമ്മദിന്റെ ഭാര്യയെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം വീടിന് പിൻവശത്തുളള പുരയിടത്തിൽ കുഴിച്ചുമൂടിയെന്ന് അറിയാൻ സാധിച്ചത്. മൃതദേഹം ആറ് കഷ്ണങ്ങളായാണ് കണ്ടെടുത്തത്. പോസ്​റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാ​റ്റിയിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും ഭാര്യയെ അറസ്​റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.