
മലപ്പുറം: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരിയിലെ ബോട്ട്ലിംഗ് പ്ലാന്റിൽ നിന്ന് ഏജൻസികളിലേക്ക് കൊണ്ടുപോകുന്ന പാചക വാതക സിലിണ്ടറുകളിൽ ദ്രവ വസ്തുക്കൾ കലർത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന മാഫിയ പ്രവർത്തിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു.
സിലിണ്ടറുകളിൽ നിന്ന് പാചക വാതകം ചോർത്തി ബാക്കി വെള്ളമോ മറ്റ് മായങ്ങളോ ചേർത്ത് ഏജൻസികളിൽ എത്തിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തോടൊപ്പം മനുഷ്യ ജീവന് വരെ വലിയ അപകടങ്ങൾക്ക് കാരണമാകുന്നതാണിത്. ഇത് സംബന്ധമായി ലഭിച്ച പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുകൾ സംശയകരമായ സാഹചര്യത്തിൽ വഴിയിൽ നിറുത്തി സിലിണ്ടറുകൾ പുറത്തെടുക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
പാചക വാതക സിലിണ്ടറുകളിൽ മായം കലർത്തി ഏജൻസികളിൽ എത്തിക്കുന്ന മാഫിയ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും ഇതിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചേളാരിയിലെ ഇൻഡേൻ ബോട്ട്ലിംഗ് പ്ലാന്റ് ചീഫ് പ്ലാന്റ് മാനേജറാണ് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയത്. കോഴിക്കോട് ജില്ലയിലെ ഒരു പാചക വാതക വിതരണ ഏജൻസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവേദനം. പ്ലാന്റിൽനിന്ന് കൊണ്ടുപോകുന്ന സിലിണ്ടറുകളിൽ മായം കലർത്തുന്ന സംഘടിത മാഫിയ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. ഐ.ഒ.സി ബ്രാൻഡിന് മോശം പ്രതിച്ഛായ ഉണ്ടാകുന്നതിനും വിപണിയിൽ തിരിച്ചടിയുണ്ടാകുന്നതിനും ഇത് കാരണമാകുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കലർത്തുന്നത് ദ്രാവക രൂപത്തിലുള്ള വസ്തു
ഏതാനും മാസങ്ങളായി ദ്രാവക രൂപത്തിലുള്ള എന്തോ വസ്തു കലർത്തിയ സിലിണ്ടറുകൾ ലഭിക്കുന്നതായാണ് കോഴിക്കോട്ടെ ഗ്യാസ് ഏജൻസി പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചേളാരി ബോട്ട്ലിംഗ് പ്ളാന്റ് അധികൃതർ കളക്ടർക്ക് പരാതി നൽകിയത്.
രണ്ട് മാസത്തിനിടെ ഇത്തരത്തിലുള്ള എഴുപതോളം സിലിണ്ടറുകൾ ലഭിച്ചതായും പ്ലാന്റിലെ ചില ഡ്രൈവർമാർക്ക് ഇതിൽ പങ്കുള്ളതായി സംശയിക്കുന്നതായും ഗ്യാസ് ഏജൻസി ആരോപിച്ചിരുന്നു.
വിഷയത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉടൻ നടപടി ആവശ്യപ്പെട്ട് ചേളാരി ബോട്ട്ലിംഗ് പ്ലാന്റിലെ യൂണിയൻ പ്രതിനിധികളും കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.