
ലോകത്തിലെ മിക്ക സ്ഥലങ്ങളിലും കാണുന്ന ഒരു പക്ഷിയാണ് മൂങ്ങ. മിക്കവാറും ഏകാന്തജീവിതം നയിക്കുന്ന മൂങ്ങകൾ പകൽ സമയം വിശ്രമിക്കുകയും രാത്രി ഇരപിടിക്കുകയും ചെയ്യുന്നു. രാത്രി സഞ്ചാരികളായ മൂങ്ങകളെ ചുറ്റിപ്പറ്റി നിരവധി കഥകൾ നാം കേൾക്കാറുണ്ട്. പ്രേതത്തെ മൂങ്ങൾക്ക് കാണാമെന്നും ചിലപ്പോൾ പ്രേതങ്ങൾ മൂങ്ങകളുടെ വേഷത്തിൽ വരുമെന്നുമെല്ലാം കഥകളുണ്ട്.
പല അന്ധവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും മൂങ്ങകളെ ഇരയാക്കുന്നുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിലെ ചില ഉൾനാടൻ ഗ്രാമങ്ങളിൽ. ദീപാവലി സീസണിൽ മൂങ്ങകളെ പിടിക്കാൻ രാത്രിയിൽ ആളുകൾ കൂട്ടം കൂടി പോകാറുണ്ട്. എന്നാൽ മൂങ്ങകളെ വിൽക്കുന്നതും വാങ്ങുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ദീപാവലിക്ക് ഒരു മാസം മുൻപ് കരിഞ്ചന്തകളിൽ മൂങ്ങകളുടെ വില ഏകദേശം 10,000 മുതൽ 50,000 രൂപ വരെയായിരുന്നു.

മന്ത്രവാദം, കൂടോത്രം
മൂങ്ങകളുടെ തലയോട്ടി, തൂവൽ, നഖങ്ങൾ, ഹൃദയം, കണ്ണ്, ചെവിയുടെ ഭാഗത്തുള്ള ചെറിയ തൂവൽ, കരൾ, കണ്ണുനീർ, മുട്ടത്തോട്, മാംസം, എല്ല്, രക്തം എന്നിവ മന്തവാദത്തിനും കൂടോത്രത്തിനും ഉപയോഗിക്കാറുണ്ട്. ദീപാവലി സമയത്താണ് മൂങ്ങകളുടെ ഡിമാൻഡ് കൂടുന്നത്. വിവിധ ഇനത്തിലുള്ള മൂങ്ങകളെ പല സ്ഥലത്തും നിയമവിരുദ്ധമായി വിൽപ്പന ചെയ്യുവെന്ന് 2018ൽ വന്യജീവി വ്യാപാര നിരീക്ഷണ ശൃംഖല കണ്ടെത്തിയിരുന്നു. മന്ത്രവാദത്തിനും കൂടോത്രം ചെയ്യുന്നതിനുമാണ് പലരും മൂങ്ങകളെ വാങ്ങുന്നത്.

ദീപാവലി ദിനത്തിൽ മൂങ്ങയെ ബലിയർപ്പിച്ചാൽ മഹത്തായ ശക്തി ലഭിക്കുമെന്നാണ് ചിലരുടെ വിശ്വാസം. അതിനാലാണ് ഈ സമയത്ത് വലിയ രീതിയിൽ മൂങ്ങകളെ കരിഞ്ചന്തയിൽ വിൽക്കുന്നത്. ഓലറ്റ് ഗ്ലോസിഡിയം കുക്കുലോയ്ഡുക്കൾ, ബേൺ ഓൾ ടെെറ്റോ ആൽബ, ബ്രൗൺ ഫിഷ് ഓൾ കെറ്റുപ സെയ്ലോനെൻസിസ്, ബ്രൗൺ ഹോക്ക് ഓൾ നിനോക്സ് സ്കുറ്റുലാറ്റ തുടങ്ങിയ നിരവധി ഇനത്തിൽപ്പെട്ട മൂങ്ങകളെ കരിഞ്ചന്തകളിൽ വിൽപന നടത്തുന്നതായാണ് വിവരം.
കൃത്യമായ കണക്ക്
രാജ്യത്ത് ഇതുവരെ മൂങ്ങകളുടെ കൃത്യമായ സെൻസസ് നടത്തിയില്ല. അതിനാൽ തന്നെ എത്ര മൂങ്ങകൾ ഇന്ത്യയിൽ ഉണ്ടെന്നും എത്രയെണ്ണത്തിനെ കൊല്ലുകയും കടത്തുകയും ചെയ്യുന്നുവെന്നും ശരിയായി നിർണയിക്കാൻ കഴിയില്ലെന്ന് എല ഫൗണ്ടേഷന്റെ സ്ഥാപകനായ സതീഷ് പാണ്ഡെ പറഞ്ഞു. ചില റിപ്പോർട്ടുകൾ പ്രകാരം ഓരോ വർഷവും 70,000 മുതൽ 80,000 മൂങ്ങകൾ വരെ കൊല്ലപ്പെടുകയും കടത്തുകയും ചെയ്യുന്നു. ലക്ഷ്മി പൂജയുടെ സമയത്ത് ഇത് കൂടുതലാകുമെന്നും സതീഷ് വ്യക്തമാക്കി.

അന്ധവിശ്വാസങ്ങളും ആചാരവും
മൂങ്ങകളെ പല അന്ധവിശ്വാസങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ചില ഹിന്ദുക്കൾ ലക്ഷ്‌മി ദേവിയുടെ വാഹനമായി മൂങ്ങയെ കാണുന്നു. മറ്റ് ചിലർ ലക്ഷ്മി ദേവി ആനപ്പുറത്ത് മൂങ്ങയ്ക്ക് ഒപ്പമാണ് വരുന്നതെന്ന് വിശ്വസിക്കുന്നു. അതിനാൽ ദീപാവലി ദിനത്തിൽ ലക്ഷ്മി ദേവിയുടെ വാഹനമായ മൂങ്ങയെ കൊല്ലുകയാണെങ്കിൽ ലക്ഷ്മീ ദേവി ആ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്നും ഐശ്വര്യം ഉണ്ടാകുമെന്നും കരുതപ്പെടുന്നു.
ചിലർ ലക്ഷ്മിദേവിക്ക് ഒപ്പം വരുന്ന നിർഭാഗ്യ ദേവിയെ തുരത്താനും മൂങ്ങയെ കൊല്ലുന്നു. മൂങ്ങയെ നിർഭാഗ്യത്തിന്റെ പ്രതീകമായാണ് പലരും കാണുന്നത്. ഇതിൽ വിശ്വസിക്കുന്നവർ ധാരാളമായി ഗ്രാമങ്ങളിലും മറ്റും താമസിക്കുന്നുണ്ട്. പുരാണങ്ങളിലും മൂങ്ങയ്ക്ക് ചില പ്രത്യേക സ്ഥാനം നൽകുന്നുണ്ട്.

മൂങ്ങയെ ഉപയോഗിച്ചുള്ള ചടങ്ങുകൾ ഒരു മാസം മുൻപ് ആരംഭിക്കുന്നു. ഒരു മാസത്തോളം മൂങ്ങയെ വീട്ടിൽ പാർപ്പിക്കുകയും ദീപാവലി ദിവസം രാത്രി ഇറച്ചിയും മദ്യവും അതിന് നൽകിയ ശേഷം ബലിയർപ്പിക്കുന്നു. മൂങ്ങയുടെ കാലുകൾ വീട്ടിൽ സുരക്ഷിതമായി സൂക്ഷിച്ച് വയ്ക്കാറുമുണ്ട്. കഴുകൻ മൂങ്ങ, റോക്ക് മൂങ്ങ എന്നിവയ്ക്കാണ് ഡിമാൻഡ് കൂടുതൽ. ഓരോ മൂങ്ങയുടെയും നിറവും തൂക്കവും മറ്റ് ഗുണങ്ങളും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. 4,000 മുതൽ 40,000 രൂപവരെ ഒരു മൂങ്ങയ്ക്ക് വാങ്ങുന്നുണ്ട്.

അതേസമയം ഇന്ത്യയിലെ ചില ഇടങ്ങളിൽ മൂങ്ങയെ ദെെവമായി ആരാധിക്കാറുമുണ്ട്. ഒഡിഷയിലെ പുരിയിൽ മൂങ്ങയെ 'ചോക്ക - ധോള'യായി (വൃത്താകൃതിയിലുള്ള കണ്ണുകളുള്ള ഭഗവാൻ) ആരാധിക്കുന്നു. ലക്ഷ്മി ദേവി വലിയ വെള്ള നിറത്തിലുള്ള മൂങ്ങയുടെ മുകളിൽ ഇരിക്കുന്നതായും പുരാണങ്ങൾ വിവരിക്കുന്നു. അതിനാൽ വെള്ള മൂങ്ങകൾ വീട്ടിലെത്തിയാൽ അവയെ ഒരിക്കലും ആളുകൾ തുരത്താറില്ല.
സംരക്ഷണം
ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ 1, 1972 പ്രകാരം ഇന്ത്യയിൽ കാണുന്ന മൂങ്ങകളെ വേട്ടയാടുന്നതോ വിൽക്കുന്നതോ നിയമവിരുദ്ധമാണ്.