
ഡെറാഡൂൺ: പതിനേഴുകാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട പത്തൊൻപതുപേർക്ക് എച്ച് ഐ വി സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാലിലാണ് സംഭവം. മയക്കുമരുന്നിന് അടിമയാണ് പെൺകുട്ടി.
'നൈനിറ്റാളിലെ രാംനഗറിലെ യുവാക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് രാംദത്ത് ജോഷി ജോയിന്റ് ആശുപത്രിയിലെ ഇന്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്റർ (ഐ സി ടി സി) സന്ദർശിക്കാൻ തുടങ്ങി. പരിശോധനയിൽ എച്ച് ഐ വി സ്ഥിരീകരിക്കുകയായിരുന്നു. ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ എവിടെ നിന്നാണ് ബാധിച്ചതെന്ന് അന്വേഷിച്ചു. യുവാക്കൾക്ക് കൗൺസലിംഗ് നൽകി. ഇതിനിടയിലാണ് എല്ലാവരും പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയത്.'- ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
മയക്കുമരുന്നു വാങ്ങാൻ കാശില്ലാതെ വന്നതോടെ പെൺകുട്ടി പ്രദേശത്തെ യുവാക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയായിരുന്നു. പെൺകുട്ടിക്ക് എച്ച് ഐ വി ഉള്ളത് ആർക്കും അറിയില്ലായിരുന്നു. പ്രദേശത്ത് എച്ച്‌ഐവി ബാധിതരുടെ പെട്ടെന്നുള്ള വർദ്ധനവിൽ നൈനിറ്റാൾ ചീഫ് മെഡിക്കൽ ഓഫീസർ ഹരീഷ് ചന്ദ്ര പന്ത് ആശങ്ക രേഖപ്പെടുത്തി.അധികൃതർ സംഭവം ഗൗരവമായി കാണുന്നുണ്ടെന്നും പ്രശ്നം പരിഹരിക്കുന്നതിനായി വിവിധ മേഖലകളിൽ കൗൺസിലിംഗ് സേവനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഹരീഷ് ചന്ദ്ര പന്ത് കൂട്ടിച്ചേർത്തു. രാംനഗറിൽ കഴിഞ്ഞ 17 മാസത്തിനിടെ 45 പേർക്ക് എച്ച് ഐ വി പോസിറ്റീവായതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
'ഇത് അസ്വസ്ഥാജനകമായ പ്രവണതയാണ്. പെൺകുട്ടിയുടെ മയക്കുമരുന്നിനോടുള്ള ആസക്തിയാണ് ഈ ദൗർഭാഗ്യകരമായ അവസ്ഥയിലേക്ക് നയിച്ചത്. കൗൺസിലിംഗും പിന്തുണയും നൽകും. '- ഒരു ഡോക്ടർ പ്രതികരിച്ചു.