
നോർത്ത് ഇന്ത്യൻ വിഭവമാണെങ്കിലും മോമോസിനോട് മലയാളികളടക്കമുള്ള ദക്ഷിണേന്ത്യക്കാർക്ക് പ്രിയം ഏറെയാണ്. സ്റ്റീംഡ്, ഫ്രൈഡ്, വെജ്, നോൺ വെജ് മോമോസുകൾ ഇന്ന് കടകളിൽ ലഭ്യമാണ്. വലിയ ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും മോമോസ് ലഭിക്കുമെങ്കിലും തെരുവ് കച്ചവടക്കാർക്കാണ് ഈ വിഭവത്തിന്റെ കച്ചവടം കൂടുതൽ നടക്കുന്നത്. എന്നാലിപ്പോൾ മോമോസ് പ്രേമികൾ നെഞ്ചത്ത് കൈവച്ച് പോകുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
ഒരു മനുഷ്യൻ കസേരയിൽ ഇരിക്കുകയാണ്. മോമോസ് ഉണ്ടാക്കുന്ന തരത്തിൽ ചെറിയ വട്ടത്തിൽ പരത്തിവച്ചിരിക്കുന്ന മാവ് വായ്ക്കുള്ളിലേയ്ക്ക് വച്ച് അതിനുള്ളിൽ ഫില്ലിംഗ്സ് ആയ പച്ചക്കറിക്കൂട്ട് നിറയ്ക്കുന്നു. ശേഷം ചുണ്ടുകൾ കൊണ്ട് അമർത്തുകയാണ്. മോമോസ് കൃത്യമായ രൂപത്തിൽ ഉണ്ടായി വരുന്നതായി കാണാം. ഇത്തരത്തിൽ മാവ് ഓരോന്നായി മോമോസ് രൂപത്തിലേയ്ക്ക് മാറ്റുന്നതാണ് വീഡിയോയിലുള്ളത്. കമന്റ് ബോക്‌സിൽ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഞെട്ടലും രോഷവും പ്രകടിപ്പിക്കുന്നുണ്ട്.