truck

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ദീപാവലി ആഘോഷങ്ങളുടെ തിരക്കിലായിരുന്നു മിക്കവരും. ഇതിനായി വീടും പരിസരവും വൃത്തിയാക്കാനും ആരും മറന്നില്ല. ഇതിനിടയിൽ രാജസ്ഥാനിലെ ഒരു കുടുംബത്തിന് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ വാർത്തയാകുന്നത്. ഭിൽ‌വാരയിലെ ഒരു കുടുംബത്തിനാണ് അബദ്ധം സംഭവിച്ചത്. വീട് വൃത്തിയാക്കുന്നതിനിടെ നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വ‌ർണം ചിരാഗ് ശർമ എന്ന യുവാവ് ഒരിടത്ത് മാറ്റിവച്ചിരുന്നു.

ഭിൽ‌വാര നഗരസഭയുടെ മാലിന്യ ട്രക്ക് വീടിന് പുറത്തെത്തിയതോടെ സ്വർണം വച്ചിരുന്ന കവറും അബദ്ധത്തിൽ ചവറ്റുക്കുട്ടയിൽ നിക്ഷേപിക്കുകയായിരുന്നുവെന്ന് ചിരാഗ് പറഞ്ഞു. വാഹനം പോയതോടെയാണ് കുടുംബത്തിന് അബദ്ധം മനസിലായത്. ഇതോടെ നഗരസഭയുടെ മേയർ രാകേഷ് പതകിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കുടുംബം വിവരമറിയിക്കുകയായിരുന്നു.

ഇതിനകം തന്നെ മേയർ ഒരു പ്രത്യേക സംഘത്തെ നിയമിച്ചു. നീണ്ടപരിശ്രമത്തിനൊടുവിലാണ് മാലിന്യകൂമ്പാരത്തിൽ നിന്ന് സ്വർണം കണ്ടെത്താൻ സാധിച്ചത്. നിലവിൽ സ്വർണം കണ്ടെത്താൻ സാധിച്ച സന്തോഷത്തിലാണ് കുടുംബം. നഗരസഭയുടെ സത്യസന്ധതയിൽ സന്തോഷമുണ്ടെന്ന് ചിരാഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.