
സഭാതർക്കത്തിൽ സഭ നേരിട്ട പ്രതിസന്ധിഘട്ടത്തിൽ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമൻ നടത്തിയ പ്രഖ്യാപനം ഇങ്ങനെ: "ഇല്ല, ഞാൻ ഒറ്റയ്ക്കല്ല. ദൈവം കൂടെയുണ്ട്. ഈ സഭയെ അടിയറവയ്ക്കില്ല. ഒറ്റയ്ക്കായാലും അവസാനശ്വാസം വരെ എന്റെ സഭയ്ക്കുവേണ്ടി, അന്തോഖ്യാ സിംഹാസനത്തിനു വേണ്ടി പോരാടും. പിന്നോട്ടില്ല." പറഞ്ഞ വാക്കിൽ നിന്ന് ഒരിഞ്ച് പിന്നാക്കം പോകാൻ മരണംവരെ അദ്ദേഹം തയ്യാറായില്ല.
'അബ്രഹാമിന്റെ വിശ്വാസവും മോശയുടെ നേതൃപാടവവും ഏലിയാവിന്റെ പ്രാർത്ഥനാജീവിതവും സ്നാപകയോഹന്നാന്റെ ധൈര്യവും തന്റെ ആടുകൾക്കും സഭയ്ക്കും വേണ്ടി ജീവൻ നൽകിയ നല്ല ഇടയനായ കർത്താവിന്റെ സമർപ്പണ ജീവിതവുമാണ് ശ്രേഷ്ഠ കാതോലിക്കാബാവയുടേത്." ബസേലിയോസ് തോമസ് പ്രഥമന് സഭ നൽകുന്ന പ്രണാമം ഇങ്ങനെയാണ്. മലങ്കര സുറിയാനി സഭ രണ്ടായപ്പോൾ അന്തോഖ്യാ സിംഹാസനത്തിൽ കൂറുറപ്പിച്ച് യാക്കോബായ സഭ നടത്തിയ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു ശ്രേഷ്ഠ കാതോലിക്കാ ബാവ. നീതിതേടി പള്ളികൾ മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് വരെ നടത്തിയ സമരമുഖങ്ങളിൽ അദ്ദേഹം പങ്കെടുത്തു. വെല്ലുവിളികളുടെ കാലത്ത് സഭയ്ക്ക് നിയമപരമായ അടിത്തറ ഉറപ്പിച്ചതിൽ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്.
പതിനാറാം നൂറ്റാണ്ടിൽ രൂപമെടുത്തതാണ് മലങ്കര സഭ. പിന്നീട് യാക്കോബായ, ഓർത്തഡോക്സ് എന്നീ ചേരിതിരിവുണ്ടായി. അന്തോഖ്യയിലെ പാത്രിയാർക്കീസിനെ ആത്മീയ തലവനായി അംഗീകരിക്കുന്നവരാണ് യാക്കോബായ വിശ്വാസികൾ. പതിറ്റാണ്ടുകളുടെ പോരിനൊടുവിലാണ് രണ്ടു സഭകളായി മാറിയത്. പള്ളികൾ, സ്വത്തുക്കൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെച്ചൊല്ലി തർക്കങ്ങൾ ആരംഭിച്ചു. നൂറുകണക്കിന് കേസുകൾ കീഴ്ക്കോടതികൾ മുതൽ സുപ്രീം കോടതി വരെ നീണ്ടു. ഒടുവിൽ ഓർത്തഡോക്സ് വിഭാഗത്തിന്റെ ഭരണഘടന അംഗീകരിച്ച്, പള്ളികളും മറ്റും അവർക്ക് അവകാശപ്പെട്ടതാണെന്ന വിധി 2017 ൽ സുപ്രീം കോടതി പുറപ്പെടുവിച്ചു.
നിയമനടപടികളും പോരും മുറുകിയ കാലത്താണ് സഭയെ നയിക്കേണ്ട ചുമതലകൾ ശ്രേഷ്ഠ കാതോലിക്കയിൽ വന്നുചേർന്നത്. കാതോലിക്കാബാവ, മെത്രാപ്പൊലീത്തൻ ട്രസ്റ്റി എന്നീ നിലകളിൽ സുപ്രീം കോടതി വരെ നീണ്ട കേസുകളിൽ അദ്ദേഹത്തിന്റെ പങ്കാളിത്തമുണ്ടായി. നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവാലയങ്ങൾ നഷ്ടമാകുമെന്ന ഘട്ടത്തിൽ പിറവത്തും മണർകാട്ടും കോതമംഗലത്തുമുൾപ്പെടെ നടത്തിയ പ്രതിഷേധങ്ങളിലും അദ്ദേഹം മുന്നിലുണ്ടായിരുന്നു.
സഭയുടെ അസ്തിത്വം നിലനിറുത്താനുള്ള പേരാട്ടങ്ങളെ അദ്ദേഹം മുന്നിൽനിന്നാണ് നയിച്ചത്. പള്ളികൾ സംരക്ഷിക്കാൻ സമരമുഖത്ത് അദ്ദേഹം അണിനിരന്നു. ദേവാലയങ്ങളും സ്ഥാപനങ്ങളും നിലനിറുത്താൻ നിയമനിർമാണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുമ്പിൽ മെത്രാന്മാർ നടത്തിയ ഉപവാസ സമരത്തിലും അവശതകൾ മറന്ന് അദ്ദേഹം പങ്കാളിയായി.
ദമാസ്കസിലെ പാത്രിയാർക്ക ദേവാലയത്തിൽ 1974- ൽ മെത്രാപ്പോലീത്തയായി തിരിച്ചെത്തിയപ്പോൾ തടയാൻ ഒരു വിഭാഗം ശ്രമിച്ചെങ്കിലും ആസ്ഥാന ദേവാലയമായി നിശ്ചയിച്ച കോതമംഗലം മർത്തമറിയം വലിയ പള്ളിയിൽ പ്രവേശിക്കാൻ കഴിഞ്ഞത് വിശ്വാസികൾ അനുസ്മരിക്കുന്നു. 26 വർഷം തുടർച്ചയായി കോതമംഗലം കേന്ദ്രമായി പ്രവർത്തിക്കാനും കഴിഞ്ഞു. ബാവയുടെ ഉജ്ജ്വല നേതൃത്വമില്ലായിരുന്നെങ്കിൽ പ്രതിസന്ധികളെ നേരിടാൻ കഴിയുമായിരുന്നില്ലെന്ന് സഭാധികൃതർ സാക്ഷ്യപ്പെടുത്തുന്നു.
സൗഹൃദങ്ങളുടെ
തമ്പുരാൻ
ഭരണാധികാരികളുമായി വ്യക്തിബന്ധവും അണമുറിയാത്ത സൗഹൃദവും പുലർത്തിയ ആത്മീയ തലവനാണ് ശ്രേഷ്ഠബാവ. പഞ്ചായത്ത് മെമ്പർ മുതൽ രാഷ്ട്രപതി വരെ അദ്ദേഹത്തിന്റെ സൗഹൃദ വലയത്തിലുണ്ടായിരുന്നു. കെ. കരുണാകരൻ മുതൽ പിണറായി വിജയൻ വരെ മുഖ്യമന്ത്രിമാരുമായി അദ്ദേഹം അടുപ്പം സൂക്ഷിച്ചു. വലുപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ വ്യക്തിബന്ധവും സൗഹൃദവും എല്ലാവരോടും സൂക്ഷിച്ചു.
മെത്രാപ്പോലീത്തയായ കാലം മുതൽ ഭരണാധികാരികളുമായും രാഷ്ട്രീയ നേതാക്കളുമായും വ്യക്തിബന്ധം അദ്ദേഹം സൂക്ഷിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ. കരുണാകരനുമായി ആരംഭിച്ച അടുപ്പം ശ്രേഷ്ഠബാവ നിലനിറുത്തി. വി.എസ്. അച്യുതാനന്ദനുമായും അടുത്ത സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രേഷ്ഠബാവയെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദൻ  പങ്കെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായും അടുപ്പം പുലർത്തി. രോഗബാധിതനായി രണ്ടു വർഷം മുമ്പ് ശ്രേഷ്ഠബാവ വിശ്രമിച്ചപ്പോൾ കോതമംഗലത്തെത്തി പിണറായി വിജയൻ സന്ദർശിച്ചിരുന്നു. പിണറായിയുമായുള്ള അടുപ്പം നിർണായകഘട്ടങ്ങളിൽ സഭയ്ക്ക് ഗുണകരമായിട്ടുമുണ്ട്.
മുഖ്യമന്ത്രിമാരായിരുന്ന ഉമ്മൻ ചാണ്ടി, എ.കെ. ആന്റണി എന്നിവരുമായും സൗഹൃദം സൂക്ഷിച്ചു. മന്ത്രിമാരായിരുന്ന ടി.എച്ച്. മുസ്തഫ, പി.പി. തങ്കച്ചൻ, സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. വർക്കി തുടങ്ങിവരും അടുത്ത സുഹൃത്തുക്കളായിരുന്നു. രാഷ്ട്രീയഭേദമില്ലാതെ നിരവധി നേതാക്കന്മാരുമായും അടുപ്പം പുലർത്തി. പഞ്ചായത്ത് അംഗം മുതൽ രാഷ്ട്രപതി വരെയുള്ളവരെ സന്ദർശിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ നിലപാടുകൾ സ്വീകരിക്കുമ്പോഴും രാഷ്ട്രീയ നേതൃത്വത്തിന് പരിഭവമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കും. സഹായിച്ചവരെ തിരിച്ചും സഹായിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കാലംചെയ്ത,  മലങ്കരസഭയുടെ ക്രിസോസ്റ്റം വലിയ തിരുമേനി, കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ജോസഫ് മാർതോമ മെത്രാപ്പോലീത്ത, കർദിനാൾ ബസേലിയോസ് ക്ളീമിസ് ബാവ തുടങ്ങി സഹോദരസഭാ മേധാവികളുമായും അടുപ്പം പുലർത്തിയിരുന്നു.സഭയിൽ പള്ളി ശുശ്രൂഷകൻ മുതൽ മാർപ്പാപ്പ വരെയുള്ളവരുമായി അടുപ്പം പുലർത്തി. 
സ്നേഹത്തിനും സൗഹൃദങ്ങൾക്കും അദ്ദേഹം ഒരിക്കലും പരിധി കല്പിച്ചിട്ടില്ല. കക്ഷിഭേദങ്ങളും സ്ഥാനചിന്തയും വലിപ്പച്ചെറുപ്പവും ജാതി മത അതിർവരമ്പുകളോ അദ്ദേഹം പരിഗണിച്ചിട്ടില്ല. സൗഹൃദങ്ങളെ എന്നും വിലമതിച്ചു. ഔപചാരിക വിദ്യാഭ്യാസം കുറവാണെങ്കിലും വായനയിലൂടെയും നിരീക്ഷണത്തിലൂടെയും ജാഗ്രതയോടെ നേടിയെടുത്ത അറിവ് ആരുമായും ഇടപെടുന്നതിന് അദ്ദേഹത്തിന് കരുത്തുപകർന്നു.അതിഥികളെ സ്വീകരിക്കുന്നതിലും അദ്ദേഹത്തിന്റെ ശൈലി ഹൃദ്യമായിരുന്നു. സന്തോഷത്തോടെ സ്വീകരിക്കാനും കുശലം പറയാനും ആവശ്യങ്ങൾ അന്വേഷിക്കാനും പ്രത്യേക മികവ് അദ്ദേഹം പുലർത്തി.