pffff

ജയ്‌പൂർ: രാജസ്ഥാനിൽ ബ്യൂട്ടിപാർലർ ഉടമയെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ സുഹൃത്തിനായി തെരച്ചിൽ വ്യാപകം.

ജോധ്പുർ സ്വദേശി അനിത ചൗധരിയെയാണ് (50)​ കൊലപ്പെടുത്തിയത്. കുടുംബസുഹൃത്തായ ഗുൽ മുഹമ്മദിനെയാണ് തെരയുന്നത്. ഇയാളുടെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിലാണ് അനിതയുടെ മൃതദേഹം കണ്ടെത്തിയത്. ഗുൽ മുഹമ്മദിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യംചെയ്തുവരികയാണ്. കഴിഞ്ഞ 27നാണ് അനിതയെ കാണാതാകുന്നത്. ജോധ്പുരിൽ ബ്യൂട്ടി പാർലർ നടത്തുന്ന അനിത 27ന് ഉച്ചയ്ക്ക് രണ്ടരയോടെ പാർലർ അടച്ച് വീട്ടിലേക്ക് മടങ്ങി. എന്നാൽ, രാത്രി വൈകിയിട്ടും വീട്ടിലെത്തിയില്ല. ഇതോടെ ഭർത്താവ് മൻമോഹൻ ചൗധരി (56) പൊലീസിൽ പരാതി നൽകി. അനിതയുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് ഗുൽ മുഹമ്മദിലേക്കെത്തിയത്. അനിതയുടെ അവസാന ടവർ ലൊക്കേഷൻ ഇയാളുടെ വീടിനു സമീപമാണ്.

ഗുൽ മുഹമ്മദിന്റെ വീട്ടിലെത്തിയെങ്കിലും ഇയാൾ ഉണ്ടായിരുന്നില്ല. തുടർന്ന് ഇയാളുടെ ഭാര്യയെ ചോദ്യംചെയ്തതോടെ അനിതയെ കൊന്ന് കുഴിച്ചിട്ടതായി സമ്മതിച്ചു.

പരിശോധനയിൽ ആറുകഷണങ്ങളാക്കി വെട്ടിനുറുക്കിയനിലയിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എയിംസിലേക്ക് മാറ്റി.

ഏറെക്കാലമായി അനിതയുടെ കുടുംബവുമായി ബന്ധമുള്ള ആളാണ് ഗുൽ മുഹമ്മദ്. ഒരു സഹോദരനായാണ് ഗുൽമുഹമ്മദിനെ അനിത കണ്ടിരുന്നതെന്നും ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.