
ചാറ്റോഗ്രാം: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 273 റണ്‍സിനുമാണ് ജയം. പരമ്പര 2-0ന് സന്ദര്‍ശകര്‍ തൂത്തുവാരുകയും ചെയ്തു. ദക്ഷിണാഫ്രിക്കയുടെ 575-6 എന്ന കൂറ്റന്‍ സ്‌കോറിനുള്ള ആതിഥേയരുടെ മറുപടി ആദ്യ ഇന്നിംഗ്‌സില്‍ വെറും 159 റണ്‍സിന് അവസാനിച്ചു. ഫോളോ ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച രണ്ടാം ഇന്നിംഗ്‌സില്‍ കാര്യങ്ങള്‍ കൂടുതല്‍ ദയനീയമായിരുന്നു. വെറും 143 റണ്‍സിന് ബംഗ്ലാ കടുവകള്‍ കൂടാരം കയറി.
സ്‌കോര്‍: ദക്ഷിണാഫ്രിക്ക 575-6 ഡിക്ലയര്‍ഡ് | ബംഗ്ലാദേശ് 159 & 143
ഒന്നാം ഇന്നിംഗ്‌സില്‍ 34ന് നാല് എന്ന നിലയില്‍ കളി ആരംഭിച്ച ബംഗ്ലാദേശ് 48ന് എട്ട് എന്ന ദയനീയ അവസ്ഥയിലേക്ക് വീഴുകയായിരുന്നു. ഒമ്പതാം വിക്കറ്റില്‍ മൊമിനുള്‍ ഹഖ് (82), തയ്ജുള്‍ ഇസ്ലാം (30) സഖ്ം നേടിയ സെഞ്ച്വറി കൂട്ടുകെട്ട് (101 റണ്‍സ്) ആണ് നാണക്കേടില്‍ നിന്ന് ബംഗ്ലാദേശിനെ രക്ഷിച്ചത്. വെറും മൂന്ന് ബാറ്റര്‍മാര്‍ മാത്രമാണ് ബംഗ്ലാദേശിനായി ഒന്നാം ഇന്നിംഗ്‌സില്‍ രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഡെയ്ന്‍ പാറ്റേഴ്‌സണ്‍, കേശവ് മഹാരാജ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതവും സെനൂരന്‍ മുത്തുസാമിക്ക് ഒരു വിക്കറ്റും ലഭിച്ചു.
ഒന്നാം ഇന്നിംഗ്‌സില്‍ 416 റണ്‍സ് കടമുണ്ടായിരുന്ന ബംഗ്ലാദേശിനോട് ദക്ഷിണാഫ്രിക്ക ഫോളോ ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സിലും ബംഗ്ലാദേശ് ബാറ്റര്‍മാര്‍ കളി മറന്നു. പത്താമനായി ക്രീസിലെത്തിയ ഫാസ്റ്റ് ബൗളര്‍ ഹസന്‍ മഹ്‌മൂദ് പുറത്താകാതെ നേടിയ 38 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ (36) റണ്‍സും വിക്കറ്റ് കീപ്പര്‍ മഹിദുള്‍ ഇസ്ലാം അകോണ്‍ (29) റണ്‍സും നേടി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജും നാല് വിക്കറ്റ് വീഴ്ത്തിയ സെനൂരന്‍ മുത്തുസാമിയുമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ആതിഥേയരെ തകര്‍ത്തത്.
ആദ്യ ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ടോണി ഡി സോര്‍സിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. പരമ്പരയിലൂടനീളം തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ചവെച്ച കാഗിസോ റബാഡയാണ് പ്ലെയര്‍ ഓഫ് ദി സീരീസ്. രണ്ട് ജയങ്ങളോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള പ്രതീക്ഷകള്‍ ശക്തമാക്കുന്നതിനൊപ്പം ഇന്ത്യക്കും ഓസ്‌ട്രേലിയക്കും കനത്ത വെല്ലുവിളി ഉയര്‍ത്തുകകൂടിയാണ് ബംഗ്ലാദേശ് പര്യടനത്തിലൂടെ പ്രോട്ടീസ്.