
കൊച്ചി:യാക്കോബായ സുറിയാനി സഭയുടെ ആദ്ധ്യാത്മിക മാർഗ്ഗദീപമായിരുന്നു ശ്രേഷ്ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമൻ. മലങ്കരസഭ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങളായി പിരിഞ്ഞതോടെ ഉടലെടുത്ത പ്രശ്നങ്ങളിൽ യാക്കോബായ വിശ്വാസികൾക്ക് കരുത്തും ധൈര്യവും പകർന്നത് അദ്ദേഹമാണ്. പതിറ്റാണ്ടുകളായി ആരാധിച്ചിരുന്ന പള്ളികളുൾപ്പെടെ നഷ്ടപ്പെട്ടപ്പോൾ തെരുവിലിറങ്ങി പോരാടാനും അദ്ദേഹം മടിച്ചില്ല. സഭാതർക്കത്തിൽ 600 ലേറെ കേസുകളിൽ പ്രതിയായ അദ്ദേഹം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
താഴേതട്ടു മുതൽ വിവിധ തലങ്ങളിൽ സ്തുത്യർഹമായി പ്രവർത്തിച്ചാണ് ഇന്ത്യയിലെ സഭയുടെ പരമോന്നത പദവിയിൽ എത്തിയത്.
1954 മുതൽ 1974 വരെ വിവിധ ഇടവകകളിൽ വികാരിയായിരുന്നു. കൊൽക്കത്തയിലും കാശ്‌മീരിലും കുഷ്ഠരോഗികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ പങ്കാളിയായി. 1967 മുതൽ 1974 വരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയുടെ ഓർഗനൈസിംഗ് സെക്രട്ടറി, ചാപ്ളിൻ പദവികൾ വഹിച്ചു.
1974 ഫെബ്രുവരി 24 ന് ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയാർക്കീസ് ബാവ അദ്ദേഹത്തെ അങ്കമാലി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. ഡോ. തോമസ് ദിവാന്നാസിയോസ് തോമസ് എന്ന പേരാണ് മെത്രാപ്പോലീത്തയ്ക്ക് നൽകിയത്.
കേരള ക്രിസ്ത്യൻ കൗൺസിൽ വൈസ് പ്രസിഡന്റ്, ഇറ്റലിയിലെ ഫൊക്കോളാർ മൂവ്മെന്റ് ഭാരവാഹി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഗവർണർ അനുശോചിച്ചു
തിരുവനന്തപുരം: ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഖമ്മദ് ഖാൻ അനുശോചിച്ചു. അദ്ദേഹം നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങളിൽ പ്രതിഫലിച്ചത് കരുണയും സമൂഹനന്മയോടുള്ള പ്രതിജ്ഞാബദ്ധതയും ആയിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു: ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബസേലിയോസ് ബാവ
നിലപാടിൽ അചഞ്ചലൻ : മുഖ്യമന്ത്രി
തിരുവനന്തപുരം : കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിലപാടുകളിൽ അചഞ്ചലനായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഏതു പ്രതിസന്ധിയെയും എത്ര വലിയ പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള ധൈര്യവും സമർപ്പണവുമായിരുന്നു ബാവായുടെ സവിശേഷത. ഒന്നിന്റെയും മുന്നിൽ അദ്ദേഹം പതറിയിട്ടില്ല. എല്ലാത്തിനെയും ധീരതയോടെ നേരിട്ടു. യാക്കോബായ സുറിയാനി സഭയുടെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകളാണ് ബാവാ നൽകിയത്. പ്രയാസഘട്ടങ്ങളിൽ സഭയെ സംരക്ഷിച്ചു നിർത്തിയ വലിയ ഇടയനായിരുന്നു.
ക്രൈസ്തവ സമൂഹത്തിന്
നഷ്ടം: മേജർ ആർച്ച് ബിഷപ്പ്
കൊച്ചി: യാക്കോബായസഭയ്ക്ക് ദീർകാലം നേതൃത്വം നൽകിയ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണം യാക്കോബായ സഭയ്ക്ക് മാത്രമല്ല, ക്രൈസ്തവ സമൂഹത്തിനും കേരളത്തിലെ ജനങ്ങൾക്കും വലിയ നഷ്ടമാണെന്ന് സിറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ അനുസ്മരിച്ചു.അദ്ദേഹത്തിന്റെ നിര്യാണത്തിൽ സങ്കടപ്പെടുന്ന യാക്കോബായ സഭയോടും ജനങ്ങളോടും വേദനയും ദു:ഖവും അനുശോചനവും അറിയിക്കുന്നു.