k-surendrab

തിരുവനന്തപുരം : കൊടകര കുഴൽപ്പണക്കേസിലെ പുതിയ വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കേസ് ഇപ്പോൾ ചർച്ചയാക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഓഫീസ് സെക്രട്ടറിയെ രണ്ടുവർഷം മുമ്പ് പുറത്താക്കിയതാണ്. തിരൂർ സതീഷ് ഇപ്പോൾ ആർക്കൊപ്പമാണെന്ന കാര്യം അന്വേഷിക്കണം. പാലക്കാട് യു,​ഡി,​എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുന്ന പി.ആ‍ർ ഏജൻസി ആണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിലുള്ളതെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പറ‌ഞ്ഞു.

തേഞ്ഞൊട്ടിയ മുനയൊട്ടിയ ആരോപണങ്ങളുമായി എൽ.ഡി.എഫും യു.ഡി.എഫും മുമ്പും വന്നതാണ്. പൊലീസ് അന്വേഷിച്ച് ചാർജ് ഷീറ്റ് കൊടുത്ത കേസാണിത്. ആഭ്യന്തര വകുപ്പ് തന്റെ കൈയിൽ അല്ലല്ലോ എന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. സന്ദീപ് വാര്യർ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. എൻ.ഡി.എ കൺവെൻഷനിൽ വേദിയിൽ ഇരുന്നത് പ്രധാന ചുമതലക്കാർ മാത്രമാണ്. ചെറിയ ചെറിയ കാര്യങ്ങൾ ഊതി പെരുപ്പിക്കുകയാണെന്നും ബി.ജെ.പിയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ നോക്കേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് വലിയ ഭരണവിരുദ്ധ വികാരമാണുള്ളത്. സർക്കാരിന് വെല്ലുവിളി ഉയർത്താൻ പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സർക്കാരിനെ സഹായിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള ഉപജാപക സംഘത്തിന്റെ പ്രവർത്തനം വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പാണിതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.