pepper-spray

ന്യൂയോര്‍ക്ക്: കാറിനുള്ളില്‍ ഡ്രൈവര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ ആക്രമണം നടത്തിയ യുവതിക്കെതിരെ വിദ്വേഷ കേസില്‍ കുറ്റം ചുമത്തി പൊലീസ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന യുവതി ഇവരോട് ഇത്തരത്തില്‍ പെരുമാറരുതെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാന്‍ പ്രതി തയ്യാറായില്ല. 23കാരിയായ ജെന്നിഫര്‍ ഗില്‍ബോള്‍ട്ടാണ് കേസില്‍ ന്യൂയോര്‍ക്ക് പൊലീസിന്റെ പിടിയിലായത്.

സൊഹാലി മഹമൂദ് എന്ന ഡ്രൈവര്‍ക്ക് നേരെ ഇവര്‍ തുടര്‍ച്ചയായി പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കുകയായിരുന്നു. കാറിനുള്ളില്‍ ഡ്രൈവര്‍ പ്രാര്‍ഥന ചൊല്ലിയതിനായിരുന്നു പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന സംഭവത്തില്‍ ഇപ്പോഴാണ് യുവതിക്ക് നേരെ കുറ്റം ചുമത്തി കേസെടുത്തത്. പ്രാര്‍ത്ഥന ചൊല്ലുന്നത് കേട്ട് പ്രകോപിതയായ ജെന്നിഫര്‍ കൈയില്‍ കരുതിയിരുന്ന പെപ്പര്‍ സ്‌പ്രേ ഡ്രൈവര്‍ക്ക് നേരെ പ്രയോഗിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന യുവതി ഡ്രൈവറെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവരെ ജെന്നിഫര്‍ തള്ളി മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ ഡ്രൈവര്‍ പൊലീസിനെ വിവരം അറിയിച്ച് പരാതിയും നല്‍കി. ഒരാള്‍ ജോലി ചെയ്യുന്നത് തടസ്സപ്പെടുത്താന്‍ മാരകമായ ആയുധം പ്രയോഗിച്ചുവെന്നാണ് ജെന്നിഫറിനെതിരെ ചുമത്തിയ കുറ്റമെന്ന് മാന്‍ഹട്ടണ്‍ ജില്ല അറ്റോണി അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ നടന്നുകഴിഞ്ഞാല്‍ അതില്‍ മാതൃകാപരമായ അന്വേഷണമാണ് അമേരിക്കന്‍ പൊലീസ് നടത്തുന്നതെന്ന് ഡ്രൈവര്‍ സൊഹാലി മഹമൂദ് പ്രതികരിച്ചു.

ജെന്നിഫറിന്റെ പ്രവൃത്തിയെ അപലപിച്ച് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍ രംഗത്തെത്തി. യുവതിക്കെതിരെ വിദ്വേഷം കുറ്റം ചുമത്തിയതിനെ സ്വാഗതം ചെയ്യുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൃത്യമായ സന്ദേശം ഇതിലൂടെ നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നുംഅമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ അഭിപ്രായപ്പെട്ടു.