accident

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. അമിട്ട് പൊട്ടിക്കുന്നതിനിടെ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു പോകുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കൈപ്പത്തിയിലെ മാംസം തുന്നിച്ചേര്‍ക്കാന്‍ കഴിയാത്തവിധം വേര്‍പ്പെട്ട് പോയതിനെ തുടര്‍ന്ന് കൈപ്പത്തി മുറിച്ച് മാറ്റി. മുല്ലുര്‍ തലയ്‌ക്കോട് സ്വദേശി നയന്‍ പ്രഭാതിന്റെ(20) വലതുകൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്.

സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടുമുറ്റത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് നയന്‍ പ്രഭാതിനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, വേര്‍പ്പെട്ട ഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്തനിലയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ ബന്ധുക്കളുടെ സമ്മതത്തോടെ വലതുകൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു. യുവാവ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

അപകടം ഇങ്ങനെ: ഒരു അമിട്ട് കത്തിച്ച് റോഡിലേക്ക് എറിഞ്ഞെങ്കിലും ഇത് പൊട്ടിയിരുന്നില്ല. തുടര്‍ന്ന് എല്ലാവരും മറ്റുപടക്കങ്ങള്‍ പൊട്ടിച്ചു. ഈ സമയത്താണ് റോഡിലൂടെ ലോറി കടന്നുവരുന്നത് നയന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഓടിച്ചെന്ന് നേരത്തെ പൊട്ടാതെ കിടന്നിരുന്ന അമിട്ട് റോഡില്‍നിന്ന് മാറ്റാന്‍ ശ്രമിക്കവെ ഇത് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി ചിന്നിച്ചിതറുകയും ചെയ്തു.