
തിരുവനന്തപുരം: ആഫ്രിക്കയില്‍ നിന്ന് ജിറാഫിനെയും സീബ്രയെയും തിരുവനന്തപുരം മൃഗശാലയിലെത്തിക്കാന്‍ നീക്കം. ഇതിനായി കേന്ദ്ര മൃഗശാല അതോറിട്ടിയുടെ അനുമതി തേടാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ മൃഗശാലകളില്‍ നിന്ന് ജിറാഫിനെയും സീബ്രയെയും തിരുവനന്തപുരത്തെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മൃഗശാല അധികൃതര്‍ പറഞ്ഞു. വിദേശത്തുനിന്ന് നേരത്തെ ജിറാഫിനെയും സീബ്രയെയും എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നിയമപരവും സാങ്കേതികവുമായ തടസങ്ങളാല്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കാര്യവും പരിഗണിക്കുന്നത്. മൃഗശാലയിലെ മൃഗങ്ങളുടെ കുറവ് കഴിഞ്ഞ വേനലവധിക്ക് സന്ദര്‍ശകരുടെ വരവിനെ ബാധിച്ചിരുന്നു. ഈ പ്രശ്‌നം കണക്കിലെടുത്താണ് കൂടുതല്‍ മൃഗങ്ങളെ എത്തിക്കുന്നത്.
കഴുതപ്പുലികളും മാര്‍ഷ് മുതലയും
ദിവസങ്ങള്‍ക്കകം പുതിയ അതിഥികള്‍ മൃഗശാലയിലെത്തും. മൂന്ന് പെണ്‍ കഴുതപ്പുലികള്‍, ഒരു ജോഡി വീതമുള്ള മാര്‍ഷ് മുതല, ജക്കാള്‍(കുറുക്കന്‍), മരപ്പട്ടി എന്നിവയാണ് കര്‍ണാടകയിലെ ഷിമോഗ മൃഗശാലയില്‍ നിന്നെത്തുന്നത്. ഇത് അടുത്തയാഴ്ചയോടെ എത്തിയേക്കും. ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്ന് മഞ്ഞ അനാക്കോണ്ട,വെള്ള മയില്‍,ചെന്നായ എന്നിവയെ എത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മറ്റിടങ്ങളില്‍ നിന്ന് മൃഗശാലയിലേക്കെത്തിക്കുന്ന പക്ഷിമൃഗാദികളെ ക്വാറന്റീന്‍ സെന്ററില്‍ പാര്‍പ്പിച്ച് പ്രശ്‌നങ്ങളില്ലെന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷം മാത്രമാണ് സന്ദര്‍ശകര്‍ക്ക് കാണാനുള്ള കൂട്ടിലേക്ക് മാറ്റുക. കാലാവസ്ഥയോടും രീതികളോടും മൃഗങ്ങള്‍ പൊരുത്തപ്പെടാനും ഇവരുടെ ഭക്ഷണരീതികളും ആരോഗ്യസ്ഥിതിയും നിരീക്ഷിക്കാനുമാണ് ക്വാറന്റീനില്‍ പ്രവേശിപ്പിക്കുന്നത്.
പകരത്തിന് പകരം
9 മൃഗങ്ങള്‍ മൃഗശാലയിലെത്തുമ്പോള്‍ പകരം കര്‍ണാടകയിലെ ഷിമോഗ മൃഗശാലയിലേക്ക് 15 പക്ഷിമൃഗാദികളെ കൊണ്ടുപോകും. മുള്ളന്‍പന്നി,മീന്‍മുതല,റിയ (അമേരിക്കന്‍ ഒട്ടകപ്പക്ഷി),സണ്‍ പേരക്കീറ്റ് എന്നറിയപ്പെടുന്ന സണ്‍ കോണൂര്‍,കഴുതപ്പുലി എന്നിവയെയാണ് കൊണ്ടുപോകുന്നത്.
ഏകദേശം 30 മുള്ളന്‍ പന്നികളാണ് ഇവിടെയുള്ളത്. ഇതില്‍ ഒരു ജോഡി മുള്ളന്‍ പന്നികളെ കൊണ്ടുപോകും.6 മീന്‍മുതലകളില്‍ നിന്ന് ഒരു ജോഡിയും 26 റിയകളില്‍ നിന്ന് 2 ജോഡിയും 5 കഴുതപ്പുലികളില്‍ നിന്ന് 1 ആണ്‍കഴുതപ്പുലിയും 26 സണ്‍ കോണൂറില്‍ നിന്ന് മൂന്ന് ജോഡികളും പകരം കൊണ്ടുപോകും.