dining

കട്ടപ്പന: ഫാമുകളിൽ ഉത്പാദനം കുറഞ്ഞതോടെ ഇറച്ചിക്കോഴി വില മാനംമുട്ടെ ഉയർന്ന് തന്നെ നിൽക്കുകയാണ്. 140- 145 രൂപയാണ് ഇപ്പോഴത്തെ വില. ദീപാവലി പ്രമാണിച്ച് തമിഴ്നാട്ടിൽ വിൽപ്പന വർദ്ധിച്ചതും വില താഴാതിരിക്കാൻ കാരണമായി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഫാമുകളിൽ ഉത്പാദനം കുറഞ്ഞിട്ടുണ്ട്. പെരുമ്പാവൂര്‍, പാലാ എന്നിവിടങ്ങളിലെ ഫാമുകളില്‍ നിന്നാണ് ജില്ലയിലേക്ക് ഇറച്ചിക്കോഴി കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. കാലാവസ്ഥ വ്യതിയാനമാണ് ഉത്പാദനം കുറച്ചത്. തമിഴ്‌നാട്ടിലെ ഫാമുകളിലും വലിയതോതിലുള്ള ഉത്പാദനമില്ല. ഇതിനാൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഫാമുകളിൽ നിന്നുള്ള ഇറച്ചിക്കോഴികളാണ് ജില്ലയിലെ കടകളിലെത്തുന്നത്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാദ്ധ്യത ഉണ്ടെന്ന് വ്യാപാരികൾ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോൾ വില പരമാവധിയാകും. വില കുറച്ചും കൂട്ടിയും പ്രാദേശിക ഫാമുകളെ സമ്മർദ്ദത്തിലാക്കാനുള്ള മൊത്തക്കച്ചവടക്കാരുടെ ഇടപെടലുകളും വിലവർദ്ധനയ്ക്ക് പിന്നിലുണ്ടെന്നാണ് ചില ചില്ലറ വിൽപ്പനക്കാർ പറയുന്നത്.

ഹോട്ടലിലും വില കൂടുമോ

ചിക്കന് വില വലിയ തോതിൽ ഉയർന്നതനുസരിച്ച് ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങളുടെ വില ഉയരുമോയെന്ന് ആശങ്കയുണ്ട്. ചിക്കൻ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടത്തിന് അനുസരിച്ച് വിഭവങ്ങളുടെ വിലയിൽ മാറ്റം വരുത്താറില്ല. ഗ്യാസിനും പലചരക്ക് സാധനങ്ങൾക്കുമെല്ലാം വില വർദ്ധിച്ചതും കൂടി കണക്കിലെടുത്ത് വില കൂട്ടേണ്ടി വരുമെന്നാണ് ഹോട്ടലുകൾ പറയുന്നത്.

രോഗഭീതിയിൽ ഫാമുകൾ

അസുഖം പടർന്നാൽ വലിയ നഷ്ടം ഉണ്ടാകുമെന്നതിനാൽ വിലക്കൂടുതലൊന്നും കണക്കാക്കാതെ ഫാമുകളിൽ നിന്ന് കോഴികളെ വിറ്റ് ഒഴിവാക്കുകയാണ്. മഴ മാറി നിൽക്കുന്നതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും 30 ഡിഗ്രി സെൽഷ്യസിനു മീതെ അന്തരീക്ഷതാപനില ഉയരുന്നതും കോഴികളുടെ ശരീര താപനിയന്ത്രണ സംവിധാനത്തെ തകരാറിലാക്കും. കോഴിവസന്ത, കോഴിവസൂരി എന്നിവയും കണ്ണിൽ ബാധിക്കുന്ന അസുഖവുമാണ് കൂടുതലായി കണ്ടു വരുന്നത്. വിയർപ്പുഗ്രന്ഥികൾ ഇല്ലാത്തതിനാൽ ബാഷ്പീകരണത്തിലൂടെ അധിക ശരീരതാപം പുറന്തള്ളാൻ കഴിയാതെ പക്ഷികൾ സമ്മർദ്ദത്തിലാവും. ഇത് ഫലപ്രദമായി നിയന്ത്രിക്കാത്ത പക്ഷം കൂട്ടത്തോടെ ചാവുകയും ചെയ്യും.