ddd

തിരൂരങ്ങാടി: വി.സി.ബി ഇല്ലാത്തതിനാൽ വേനൽക്കാലത്ത് നെൽകൃഷിക്ക് തടസം നേരിട്ട് കർഷകർ. ചെറുമുക്ക്, കക്കാട്,​ തിരൂരങ്ങാടി,​ ചുള്ളിപ്പാറ,​ കരുമ്പിൽ പ്രദേശങ്ങളിലെ കർഷകരാണ് കൃഷിക്കാവശ്യമായ വെള്ളമില്ലാതെ വലയുന്നത്. 260ഓളം ഏക്കറിലെ 11 കർഷകരാണ് ഇതുമൂലം ബുദ്ധമുട്ടുന്നത്.

കൃഷിക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇവിടത്തെ തോടിൽ വി.സി.ബി നിർമ്മിക്കണമെന്നത്. കർഷകർ സ്വന്തം ചെലവിൽ ചെറുമുക്ക് അതിർക്കാട് ഭാഗത്ത് മണൽച്ചാക്ക് നിരത്തി നിർമ്മിക്കുന്ന താത്കാലിക തടയണയാണ് ഇപ്പോൾ കർഷകർക്ക് പരിഹാരമായുള്ളത്. എന്നാൽ ഇത് ജലസംഭരണത്തിന് മതിയായ പരിഹാരമല്ല. വർഷത്തിൽ ഒരിക്കൽ നെൽകൃഷി ഇറക്കുന്ന ഇവിടത്തെ വയലിൽ വേനൽക്കാലത്തേക്ക് വെള്ളം സംഭരിക്കാനുള്ള സംവിധാനമില്ല. ആറുവർഷം മുമ്പ് കർഷകർ സ്ഥലം എം.എൽ.എയ്ക്കും തിരൂർ നഗരസഭയ്ക്കും പരാതി നൽകിയിരുന്നു. തുടർന്ന് തൃശൂരിൽ നിന്നുള്ള മൈനർ ഇറിഗേഷൻ ടീം സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ തുടർനടപടികളുണ്ടായില്ല. 2022ൽ മന്ത്രി റോഷൻ അഗസ്റ്റിന് പരാതി നൽകിയതിനെ തുടർന്ന് പരപ്പനങ്ങാടി മൈനർ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർ നടപടികളുണ്ടായില്ല. തോടിന്റെ രണ്ടുവശങ്ങളിലും പാർശ്വഭിത്തി കെട്ടണമെന്നും വി.സി.ബി ഒരുക്കണമെന്നുമാണ് കർഷകരുടെ ആവശ്യം

കർഷകരുടെ ഏറെ നാളായുള്ള ആവശ്യമാണ് വി.സി.ബി നിർമ്മാണം. പരാതി നൽകുകയും തുടർന്ന് ഉദ്യോഗസ്ഥ സംഘങ്ങൾ പരിശോധന നടത്തുകയും ചെയ്തെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. എത്രയും വേഗം പ്രശ്നത്തിൽ നടപടി വേണം.

സമീജ്, കോളക്കാടൻ പാട ശേഖര സമിതി കൺവീനർ.