മലപ്പുറം: തകർന്ന് വീഴാറായ മലപ്പുറം താലൂക്ക് ആശുപത്രി കെട്ടിടം മാറ്റി സ്ഥാപിക്കുന്നതിന് അനുയോജ്യമായ താത്ക്കാലിക സ്ഥലം കണ്ടെത്തി മൂന്ന് മാസത്തോടടുത്തിട്ടും തുടർനടപടികൾ ഇഴയുന്നു. താലൂക്ക് ആശുപത്രിക്ക് തൊട്ടടുത്തുള്ള മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ട്രസ്റ്റ് ബിൽഡിംഗിലേക്കാണ് ഒ.പി വിഭാഗം മാറ്റാൻ ധാരണയായിട്ടുള്ളത്. എന്നാൽ, ഇവിടെയുള്ള ശൗചാലയങ്ങൾ ഉപയോഗയോഗ്യമാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതാണ് വൈകാൻ കാരണമെന്നാണ് വിശദീകരണം. ഒക്ടോബർ ഒന്നിന് പ്രവർത്തനം മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ട്രസ്റ്റ് ബിൽഡിംഗിലേക്ക് മാറ്റുമെന്ന് നേരത്തെ അറിയിച്ചെങ്കിലും നിലവിൽ രണ്ടാഴ്ചയ്ക്കകം യാഥാർത്ഥ്യമാകുമെന്നാണ് പറയുന്നത്.
മരുന്നുകളും മറ്റും സൂക്ഷിക്കാനായുള്ള ഗോഡൗൺ ടൗൺ ഹാളിലും സജ്ജീകരിക്കും. കൊവിഡ് സമയത്ത് നഗരസഭയുടെ നേതൃത്വത്തിൽ മലപ്പുറം ടൗൺഹാളിൽ കൊവിഡ് ആശുപത്രി സജ്ജമാക്കിയിരുന്നു. അന്ന് ഉപയോഗിച്ച ഫർണിച്ചറുകളും കട്ടിലും ഇരിപ്പിടങ്ങളുമെല്ലാം മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ട്രസ്റ്റ് ബിൽഡിംഗിലേക്ക് മാറ്റും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി
അതേസമയം, താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ച് പുതിയത് നിർമ്മിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യസ വകുപ്പ് അഡീഷണൽ ഡയറക്ടർ സി.എ.സന്തോഷ് ആണ് അനുമതി നൽകിയുള്ള കത്ത് ജില്ലാ കളക്ടർക്ക് നൽകിയത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് പ്രകാരം പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകാവുന്നതാണെന്നും സ്ഥലം വിട്ടുനൽകുന്നതിന് അനുമതി നൽകുന്ന സാഹചര്യത്തിൽ ചുറ്റുമതിൽ കെട്ടി കോമ്പൗണ്ട് തിരിച്ച് നിർമ്മാണം ആരംഭിക്കേണ്ടതാണെന്നും വ്യവസ്ഥ ചെയ്താണ് അനുമതി നൽകുന്നതെന്നും കത്തിൽ പറയുന്നുണ്ട്.
നിലവിൽ കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ)പദ്ധതിയിൽ 9.90 കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി അനുവദിച്ചത്. ഭിന്നശേഷി റാമ്പ്, ലിഫ്റ്റ് അടക്കമുള്ള നാലുനില കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്.